ഔഷധ സസ്യപാര്‍ക്കുമായി അടൂര്‍ നഗരസഭ ജൈവവൈവിധ്യപരിപാലന സമിതി. അടൂര്‍ പൊലീസ് സ്റ്റേഷന് സമീപവും  ബൈപാസിലുമാണ് ഔഷധസസ്യങ്ങള്‍ നട്ട്പരിപാലിക്കാന്‍ നഗരസഭ പദ്ധതിയിടുന്നത്. വംശ\ാശഭീഷണിയുള്ള അപൂര്‍വയിനം ഔഷധസസ്യങ്ങളും, വനവൃക്ഷങ്ങളും സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. അതിനൊപ്പം ദശപുഷ്പങ്ങള്‍, ത്രിഫല , തൃകടു , നക്ഷത്രവൃക്ഷങ്ങള്‍ , നാല്‍പ്പാമരം തുടങ്ങി വൈവിധ്യമാര്‍ന്ന ഔഷധസസ്യങ്ങളും വൃക്ഷങ്ങളുമായിരിക്കും പാര്‍ക്കിലുണ്ടാവുക.  കേരളം ഔഷധസസ്യങ്ങളുടെ ഒരു കലവറയാണ്. കേരളത്തിലെ വനപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും പാതയോരങ്ങളിലും വീട്ടുവളപ്പുകളിലും ധാരാളം ഔഷധസസ്യങ്ങളുണ്ടായിരുന്നു. സ്വഭാവിക വാസസ്ഥലങ്ങളുടെ \ാശവും ഔഷധസസ്യങ്ങളുടെ ആശാസ്ത്രീയമായ ശേഖരണവും നഗരവത്ക്കരണവും മൂലം ഇവയില്‍ പലതും അപ്രത്യക്ഷമായി. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.
പാര്‍ക്കിന് പുറമേ,  സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയിലുണ്ട്. പുതുതലമുറയ്ക്ക് അന്യം നിന്ന് പോകുന്ന ഔഷധസ്യങ്ങളെ പരിചയപ്പെടുത്തുകയും അതിന്റെ ഗുണഫലങ്ങള്‍ മനസിലാക്കി കൊടുക്കുകയും ചെയ്യും. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി \ഗരസഭ വകയിരുത്തിയത്.
കൂടാതെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 5000 ഫലവൃക്ഷത്തെകള്‍ നട്ട് പരിപാലിക്കും. അതിനായുള്ള വൃക്ഷത്തൈ വിതരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ് ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവത്ക്കരണ വിഭാഗത്തില്‍ നിന്ന് നഗരസഭാ ബി.എം.സിക്ക് ലഭിച്ച തൈകള്‍ കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കാണ് വിതരണം ചെയ്തത്. തൈ നടുന്നതിനൊടൊപ്പം ഔഷധസസ്യങ്ങളുടെ പരിപാലനത്തിന്റെ ഉത്തരവാദിത്വവും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ്.  നഗരസഭാപരിധിയിലെ കുടുംബശ്രീയൂണിറ്റുകള്‍ വഴി ഫലവൃക്ഷത്തൈ നട്ട് പരിപാലിക്കാനുള്ള തീരുമാനം കൈക്കൊണ്ടതിനാല്‍ പരിപാലനം കാര്യക്ഷമമായ രീതിയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ അംഗങ്ങള്‍.