കന്നുകാലികള്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതിനുള്ള വിവരശേഖരണം ജില്ലയില്‍ 90% പൂര്‍ത്തിയായി. ജില്ലയിലെ പശുക്കള്‍ക്ക് ജിയോ ടാഗിംഗ് എന്ന സംവിധാനമുപയോഗിച്ചാണ് തിരിച്ചറയില്‍ രേഖകള്‍ നല്‍കുക. സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. ഇതിലൂടെ പ്ലാസ്റ്റിക് കാര്‍ഡ് ഒഴിവാക്കി പശുക്കളില്‍ തിരിച്ചറിയല്‍ രേഖകള്‍ക്കായി മൈക്രോ ചിപ്പ് ഘടിപ്പിക്കുകയാണ്. പദ്ധതിക്കായി ആറുമാസം മുന്‍പേ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ആനിക്കാട് പഞ്ചായത്തിലെ 700 പശുക്കളിലാണ് ആദ്യഘട്ടത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നത്. 1.9 ലക്ഷം രൂപ ചിലവിലാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ജിയോ ടാഗിംഗ് നടപ്പാക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് ചിപ്പ് ഘടിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.  ഓരോ പശുവിനും {പത്യേക നമ്പര്‍ രേഖപ്പെടുത്തിയ ചിപ്പ് ഘടിപ്പിക്കും. ഇത് പശുക്കളില്‍ ജീവിതകാലം മുഴുവന്‍ പാര്‍ശ്വഫലമില്ലാതെ സ്ഥാപിക്കാന്‍ സാധിക്കും. ജി.പി.എസ് സംവിധാനവുമായി ഇത് ബന്ധിപ്പിച്ച് പശുക്കളുടെ സമ്പൂര്‍ണ വിവരശേഖരണവും തിരിച്ചറിയലും ഇതിലൂടെ കഴിയുമെന്നതാണ് മേന്മ. കാലികളേയും, കര്‍ഷകരേയും, സ്ഥലത്തെയും കുറിച്ച് പെട്ടെന്ന് അറിയാനും അടിയന്തരഘട്ടങ്ങളില്‍ സഹായം എത്തിക്കാനുമുള്ള സംവിധാനവും ഇതിലുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് കര്‍ഷകരുടേയും കാലികളുടേയും ഫോട്ടോയെടുക്കും. ഈ വിവരങ്ങള്‍ കംപ്യൂട്ടറില്‍ സൂക്ഷിക്കുന്നു. തുടര്‍ന്ന് സ്ഥലത്തിന്റെ കൃത്യമായ രേഖാചിത്രമുണ്ടാക്കി ഉപഗ്രഹ സഹായത്തോടെ കംപ്യൂട്ടറില്‍ സൂക്ഷിക്കുന്നു. ഇതാണ് ജിയോ ടാഗിംഗ് പദ്ധതി. കൂടാതെ കന്നുകാലികളില്‍ പകര്‍ച്ചവ്യാധികളുണ്ടായാല്‍ കൃത്യമായ സ്ഥലം കണ്ടെത്താന്‍ ഇത് സഹായിക്കുന്നു. തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാതെ സ്ഥിതി നിയന്ത്രണവിധേയമാക്കാനും ജിയോ ടാഗിംഗ് സഹായകമാകും.  ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി മിതമായ വിലയ്ക്ക് മരുന്ന് കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഇതിനായി ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിനോട് അനുബന്ധിച്ച് പത്ത് ലക്ഷം രൂപ ചിലവില്‍ വെറ്ററിനറി മെഡിക്കല്‍ സ്റ്റോറിനായിട്ടുള്ള നടപടികളും നടന്ന് വരികയാണെന്ന് ജില്ലാമൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.