ഒരൊറ്റ ക്ലിക്കില്‍ ഒരു പഞ്ചായത്തിലെ മുഴുവന്‍ വിവരങ്ങളും ലഭിക്കുന്നതൊന്ന് ഓര്‍ത്ത് നോക്കു..! എത്ര നന്നായിരുന്നു അല്ലേ.. എങ്കില്‍ ഇനി അങ്ങനെയാണ്. വിവരങ്ങളൊക്കെ വിരല്‍ത്തുമ്പിലാക്കാന്‍ ഗ്രാമീണ പഠന കേന്ദ്രവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലുമായി നടത്തി വരുന്ന  പദ്ധതിയാണ് ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ് സിസ്റ്റം. ഇതിനോടകം സംസ്ഥാനത്തെ ഒന്‍പത് പഞ്ചായത്തുകളിലാണ് പദ്ധതിക്ക് തുടക്കമായത്. ജില്ലയിലെ നാറാണംമൂഴി പഞ്ചായത്തില്‍ ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ് സംവിധാനം പൂര്‍ണമായി നടപ്പായി കഴിഞ്ഞു. റാന്നിയില്‍ പദ്ധതി ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകയാണ്.
ഇപ്പോള്‍ നിരണം പഞ്ചായത്തിലും ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ് സംവിധാനം ആരംഭിച്ച് കഴിഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ രേഖകളും ശേഖരിക്കും. വിവരശേഖരണത്തിനായി ഒരു വാര്‍ഡില്‍ നിന്ന് പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ള രണ്ട് പേരെ വീതം തിരഞ്ഞെടുത്ത്പരിശീലനം നല്‍കി. ഇവരായിരിക്കും വിവരങ്ങള്‍ ശേഖരിക്കുക. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ തത്സമയം രേഖപ്പെടുത്തുന്നതിന് ഇവര്‍ക്ക് ലാപ്‌ടോപ്പും വിതരണം ചെയ്തിട്ടുണ്ട്. പഞ്ചായത്തിലെ റോഡ്, തോട്, ഭൂപ്രകൃതി, ജനസംഖ്യ, രോഗികളുടെ വിവരങ്ങള്‍ എന്ന് വേണ്ട ഒരു പഞ്ചായത്തിനെ സംബന്ധിക്കുന്ന ഏറ്റവും ചെറിയ കാര്യം പോലും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. പഞ്ചായത്തിലെ ജനസംഖ്യ കുടുംബാടിസ്ഥാനത്തിലാകും രേഖപ്പെടുത്തുക. ഇതിലൂടെ ജനക്ഷേമപദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും അത് നടപ്പിലാക്കാനും അധികൃതര്‍ക്ക് വേഗത്തില്‍ സാധിക്കും.
പഞ്ചായത്തിലെ ഭൂമിയെ ഇനം തിരിച്ച് അറിയാനും, കൃഷിരീതികള്‍ ആസൂത്രണം ചെയ്യാനും പദ്ധതി പൂര്‍ത്തിയാകുന്നതോടെ കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം. പഞ്ചായത്തിലെ ജലസ്രോതസുകള്‍,  വരള്‍ച്ചാബാധിത പ്രദേശങ്ങള്‍, ജലസേചേനമാര്‍ഗങ്ങള്‍ എന്നിവയുടെ കൃത്യമായ രൂപം ഇതിലൂടെ തയ്യാറാക്കും. മാത്രമല്ല, പദ്ധതി പൂര്‍ത്തിയായതിന് ശേഷവും സമയബന്ധിതമായി വിവരങ്ങള്‍ പുതുക്കേണ്ടത് അത്യാവശ്യമാണ്.  ആറ് ലക്ഷം രൂപയാണ് പഞ്ചായത്ത് ഈ പദ്ധതിക്ക് വേണ്ടി നീക്കി വച്ചിരിക്കുന്നത്. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഈ വിവരശേഖരണത്തിലൂടെ സാധിക്കുമെന്ന് നിരണം പഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ് പറഞ്ഞു.