എം.എസ്.പി. ബറ്റാലിയനിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 447 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് മലപ്പുറം എം.എസ്.പി. ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ 30ന് നടക്കും. രാവിലെ 08.25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി. പത്മകുമാർ, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ട്രൈനിംഗ് & ഡയറക്ടർ ഐ.ജി. പി.വിജയൻ, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഡി.ഐ.ജി. പി.പ്രകാശ് എന്നിവർ ഓൺലൈനിലും എം.എസ്.പി കമാൻഡന്റ് സുജിത്ത് ദാസ് നേരിട്ടും സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും.
447 സേനാംഗങ്ങൾ 14 പ്ലട്ടൂണുകളിലായി എം.എസ്.പി. പരേഡ് ഗ്രൗണ്ടിൽ അണിനിരക്കും. അജിൻ.കെ ആണ് പരേഡിനെ നയിക്കുന്നത്. സെക്കന്റ് ഇൻ കമാൻഡർ ബിബിൻ.എം ആണ്. സേനാംഗങ്ങളിൽ 34 ബിരുദാനന്തര ബിരുദധാരികളുണ്ട്. 3 എം-ടെക്, 6 എം.ബി.എ, 66 ബി-ടെക്, 220 ബിരുദ യോഗ്യതയുള്ളവരുമുണ്ട്.
പതിവ് പരിശീലനത്തിന് പുറമെ കാലഘട്ടത്തിന്റെ ആവശ്യമായ അത്യാഹിതങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നീ അവസരങ്ങളിൽ ചെയ്യേണ്ട പോലീസ് ഡ്യൂട്ടിയെ കുറിച്ചുള്ള അവബോധവും സേനാംഗങ്ങൾ നേടി. പരിശീലന കാലയളവിൽ വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തിയ സേനാംഗങ്ങൾക്കുള്ള ട്രോഫികൾ എം.എസ്.പി. കമാൻഡന്റ് വിതരണം ചെയ്യും.