ജന്തുജന്യ രോഗങ്ങള്‍ തിരിച്ചറിയാന്‍ ജില്ലാ മൃഗാശുപത്രിയില്‍ ഹൈടക് ലാബ് സ്ഥാപിക്കും- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വയനാട്: പേവിഷ നിര്‍മാര്‍ജനത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പേവിഷത്തിനെതിരെയുള്ള വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും വിവിധ ജന്തുജന്യ രോഗങ്ങള്‍ തിരിച്ചറിയാന്‍ സൗകര്യമുള്ള ഹൈടക് ലാബ് ജില്ലാ മൃഗാശുപത്രിയില്‍ ആരംഭിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷദ് മരക്കാര്‍ പറഞ്ഞു. ലോക റാബീസ് ദിനാചരണത്തിന്റെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ മന്മദന്‍മൂല കോളനിയില്‍ സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂല്‍പുഴ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു.

ജന്തുജന്യ രോഗങ്ങള്‍ തിരിച്ചറിയാന്‍ സൗകര്യമുള്ള ഹൈടക് ലാബ് ജില്ലാ മൃഗാശുപത്രിയില്‍ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എത്രയും വേഗം ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഗ്രാമ പഞ്ചായത്തുകളുമായി ചര്‍ച്ച ചെയ്ത് തെരുവ് നായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

പരിപാടിയോടനുബന്ധിച്ച് കോളനിയില്‍ ആന്റി റാബീസ് വാക്സിനേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. സാവന്‍ സാറ മാത്യൂ, ഡോ. ദിലീപ് ഫുഗുണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ്, ഡോ. ജയരാജ്, ഡോ.വിനോദ് കുമാര്‍ പി, മിനി സതീശന്‍ പി.എസ്, ഗോപിനാഥന്‍ ആലത്തൂര്‍, ബെന്നി കൈനിക്കല്‍, ഡോ. രാജേഷ് വി.ആര്‍, ഡോ. പ്രജിത്ത് നമ്പ്യാര്‍, നൂല്‍പുഴ വെറ്റിനറി സര്‍ജന്‍ ഡോ. അസ്സനാര്‍, കാവ്യ തുടങ്ങിയവര്‍ സംസാരിച്ചു. വളണ്ടിയര്‍മാരായി പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിയിലെ ഐ.വി.എസ്.എ വിദ്യാര്‍ത്ഥികള്‍ ക്യാമ്പിന് വേണ്ട സഹായം നല്‍കി.