തൃശ്ശൂർ: പുന്നയൂര്‍ ഗവ.ഫിഷറീസ് യു.പി സ്‌കൂള്‍ ഹൈസ്‌ക്കൂളാക്കി ഉയർത്തണമെന്ന് ആവശ്യം. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശവാസികൾക്ക് നിലവില്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്ല. എന്നാൽ പുന്നയൂർ ഗവ.ഫിഷറീസ് സ്‌കൂളിന് സ്വന്തമായി ഒരേക്കർ 80 സെന്റ് ഭൂമി കൈവശമുണ്ട്. മാത്രവുമല്ല, ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള പശ്ചാത്തല സൗകര്യവുമുണ്ട്.

2017ല്‍ 143 കുട്ടികള്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ ഈ അക്കാദമിക വര്‍ഷത്തില്‍ 312 കുട്ടികളാണുള്ളത്. ഫിഷറീസ് സ്‌കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നാവശ്യപ്പെട്ട് എൻ കെ അക്ബർ എംഎൽഎ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി. നിവേദനം പരിശോധിച്ച ശേഷം അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചതായി എംഎല്‍എ പറഞ്ഞു.