എറണാകുളം: കുട്ടമ്പുഴ പഞ്ചായത്തിൽ വടാട്ടുപാറയിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ 40 വർഷത്തോളമായി വാടക കെട്ടിടത്തിലാണ് ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിക്കുന്നത്. താളുംകണ്ടം,പോങ്ങൻചുവട് ആദിവാസി കോളനികളിൽ ഉള്ളവർ ഉൾപ്പെടെ ഏകദേശം പത്ത് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവരുടെ പ്രാഥമിക ചികിത്സ ആശ്രയ കേന്ദ്രമാണിത്. നിലവിൽ ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്,ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ സേവനമാണ് ഉപകേന്ദ്രത്തിൽ ലഭ്യമാണ്.

മാതൃ ശിശു സംരക്ഷണം, പ്രതിരോധ കുത്തിവയ്പുകൾ, ജീവിത ശൈലി രോഗ നിർണ്ണയ ചികിത്സയും, വാർദ്ധക്യ സഹജമായ അസുഖ നിർണ്ണയ ചികിത്സയും, വിവിധ തലത്തിലുള്ള ബോധവൽക്കരണങ്ങൾ അടക്കമുള്ള സേവനങ്ങളാണ് ഇവിടെ നിന്നും ലഭ്യമാണ്.

ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം സ്വന്തമായി നിർമ്മിക്കുന്നതോടെ ഉപകേന്ദ്രത്തെ പിഎച്ച്സി ആയി ഉയർത്തുന്നതിനു സഹായകരമാകും. പ്രദേശവാസികളുടെ ഏറെ നാളായുള്ള ആവശ്യമാണിതെന്നും ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.