ആലപ്പുഴ: ഈ വര്‍ഷം നെഹ്റു ട്രോഫി വള്ളംകളി നടത്താനാണ് സര്‍ക്കാരും വിനോദ സഞ്ചാര വകുപ്പും ശ്രമിക്കുന്നതെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളംകളി നടത്തുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ടൂറിസം അഡിഷണല്‍ ചീഫ് സെക്രട്ടറി, ടൂറിസം ഡയറക്ടര്‍ എന്നിവരുമായി തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു.

കാണികളുടെ എണ്ണം ക്രമീകരിച്ച് ജനപ്രധിനികളുടെ ഉള്‍പ്പടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കി വള്ളംകളി നടത്തുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോവിഡ് ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും. യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. വള്ളംകളി സംഘടിപ്പിക്കുന്ന് വിനോദസഞ്ചാര മേഖലയ്ക്കും ജില്ലയ്ക്ക് പൊതുവിലും ഉണര്‍വ്വേകുമെന്ന് മന്ത്രി പറഞ്ഞു.