ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

കണ്ണൂർ: ആരവത്തിനു മുമ്പ് അഴകോടെ അക്ഷരമുറ്റം പരിപാടി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കാന്‍ ജില്ലാ ആസൂത്രണസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്‌കുളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ക്ലാസ് റൂമുകള്‍, ടോയ്‌ലറ്റ്, സ്‌കൂള്‍ പരിസരം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. നടുവില്‍ എച്ച് എസ് എസില്‍ രാവിലെ എട്ട് മണിക്ക് ജോണ്‍ ബ്രിട്ടാസ് എംപി പരിപാടി ഉദ്ഘാടനം ചെയ്യും.

പരിപാടി തുടങ്ങുന്നതിന് മുന്നോടിയായി അടുത്ത ദിവസം തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ ആലോചനായോഗം ചേരും. ഓരോ മണ്ഡലത്തിലും തദ്ദേശ സ്ഥാപനങ്ങള്‍, പിടിഎ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ യജ്ഞമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. സ്‌കൂളുകളുടെ ഫിറ്റ്‌നസ്സ്, വാഹനങ്ങളുടെ കാര്യക്ഷമത, ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ഉറപ്പുവരുത്തണം.

ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക സംഘം പരിപാടിയുടെ ഭാഗമായി സ്‌കൂളുകള്‍ സന്ദര്‍ശിക്കും. സ്‌കൂളുകളിലെ കുടിവെള്ള സ്രോതസ്സുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് വൃത്തി ഉറപ്പു വരുത്താനും യോഗം തീരുമാനിച്ചു. സ്‌കൂളിലെ എല്ലാ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരാണെന്ന് ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. ആരവത്തിനു മുമ്പ് അഴകോടെ അക്ഷരമുറ്റം പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘം സ്‌കൂളുകള്‍ സന്ദര്‍ശിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

പയ്യാവൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി യോഗം അംഗീകരിച്ചു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഡോ. വി ശിവദാസന്‍ എം പി, രാമന്ദ്രന്‍ കടന്നപ്പള്ളി  എംഎല്‍എ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.