അധ്യാപക ബാങ്കിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സില്‍ ക്ലാസ് എടുക്കുവാനുളള അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, സോഷ്യോളജി, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ബി.എഡും മാസ്റ്റര്‍ ബിരുദവും സെറ്റും ഉളളവര്‍ക്ക് അപേക്ഷിക്കാം. മണിക്കൂറിന് 300 രൂപയാണ് പ്രതിഫലം. ഫോട്ടോപതിച്ച ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് എന്നിവ സിവില്‍സ്റ്റേഷനിലെ കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ ഒക്ടോബര്‍ 10 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 9961477376.

ജലസേചന സംവിധാനങ്ങള്‍ സബ്‌സിഡിയോടെ സ്ഥാപിക്കാം

സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. നൂതന ജലസേചന രീതികള്‍ പ്രോല്‍സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവരുത്തുക , ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന പ്രകാരമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഡ്രിപ്പ്, സ്പ്രിംഗ്ളര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാന്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് അവസരം ലഭിക്കും. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 70 ശതമാനവും നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്‍ 9847459797, 9446521850,9847411709.

പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍

കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കാര്‍ഷിക ഉല്‍പ്പന്ന സംസ്‌കരണി/മൂല്യ വര്‍ദ്ധന യന്ത്രങ്ങള്‍, കൊയ്ക്കുമെതി യന്ത്രം, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്പ്രേയറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത്തു യന്ത്രം, ഞാറുനടീല്‍ യന്ത്രം, നെല്ലുകുത്ത് മില്‍, ഓയില്‍ മില്‍, ഡ്രയറുകള്‍, വാട്ടര്‍ പമ്പ് മുതലായവ പദ്ധതി നിബന്ധനകള്‍ക്കു വിധേയമായി സബ്സിഡിയോടുകൂടി ലഭ്യമാണ്. കാര്‍ഷിക യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും 50% വരെയും കാര്‍ഷിക ഉല്‍പ്പന്ന സംസ്‌കരണ-മൂല്യ വര്‍ദ്ധന യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും 60% വരെയും സാമ്പത്തിക സഹായം ലഭിക്കും. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80% സബ്സിഡി നിരക്കില്‍ പരമാവധി 8 ലക്ഷം രൂപ വരെയും കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സബ്ലിഡി നിരക്കിലും കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം.
https://agrimachinery.nic.in എന്ന വെബ്‌സൈറ്റില്‍ കൂടി നടപടികള്‍ പൂര്‍ത്തിയാക്കാം. സംശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങള്‍ക്കും കൃഷി ഭവനിലോ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം.
ഫോണ്‍ : 9605040585, 9847459797, 9446521850

ഐഒടി ഡിപ്ലോമ കോഴ്സ്

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ഐ.ഒ.ടി ഓണ്‍ലൈന്‍ കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കാലാവധി ആറ് മാസം. യോഗ്യത – ഡിഗ്രി/ബി ടെക്. പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ : 8590605275.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയിലെ ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍ (പാര്‍ട്ട് I കാറ്റഗറി നം. 242/15 ആന്റ് പാര്‍ട്ട് II കാറ്റഗറി നം 243/15) തസ്തികയുടെ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് II (കാറ്റഗറി നം. 91/15) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി 2021 ആഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ലേലം 21 ന്

കോഴിക്കോട് സിവില്‍സ്റ്റേഷനിലെ പൊതുമരാമത്ത് വകുപ്പ് ദേശീയപാത ബൈപ്പാസ് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ഉപയോഗശൂന്യമായ മോണിറ്റര്‍, കീബോര്‍ഡ്, സിപിയു, മൗസ്്, പ്രിന്റര്‍, യുപിഎസ് മുതലായ 51 ഇലക്ട്രോണിക് സാമഗ്രികള്‍ഒക്ടോബര്‍ 21 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കും.

എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) ഫുള്‍ ടൈംഎം.ബി.എ. കോഴ്‌സിലേക്ക് ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50% മാര്‍ക്കും കെ-മാറ്റ്, സി-മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഡിഗ്രി അവസാന വര്‍ഷ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള ലിങ്ക് : meet.google.com/ety-jafv-pgm. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kicmakerala.in. ഫോണ്‍ 8547618290.