എറണാകുളം: തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിൽ പ്രവർത്തിക്കുന്ന കേരള റബ്ബർ ആന്റ് റിക്ലയിംസ് ലിമിറ്റഡ് കമ്പനിയിലെ തൊഴിൽത്തർക്കം ജില്ലാ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ പരിഹരിച്ചു.

കമ്പനിയിലെ തൊഴിൽ പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്ന തൊഴിൽ സംഘടനകളുടെ ആവശ്യപ്രകാരമാണ് തൊഴിൽവകുപ്പിന്റെ ഇടപെടൽ.

ജില്ലാ ലേബർ ഓഫീസർ പി.എസ്. മാർക്കോസിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് നിലവിൽ നൽകിയ ക്ലോഷർ കോമ്പൻസേഷനു പുറമെ തൊഴിലാളികൾ കാഷ്വൽ ലേബർ ആയിരുന്ന കാലയളവ് കൂടി കണക്കാക്കി കോംപൻസേഷൻ നൽകുവാൻ തൊഴിൽ ഉടമ സമ്മതിച്ചു. ലേ-ഓഫ്‌ കാലയളവിലെ വേതനം തൊഴിലാളികൾ അവസാനം വാങ്ങിയ മൂന്ന് മാസത്തെ വേതനത്തിന്റെ 75 ശതമാനം നൽകുവാൻ ധാരണയായി.

കാഷ്വൽ തൊഴിലാളികൾക്കുള്ള ക്ലോഷർ കോമ്പൻസേഷൻ ഓരോ തൊഴിലാളികൾക്കും 50,000 രൂപ വീതം നൽകാം എന്ന് ഇരു കക്ഷികളും സമ്മതിച്ചു.

ചർച്ചയിൽ തൊഴിൽ ഉടമയെ പ്രതിനിധികരിച്ച റിയാദ് ജോർജ്, ഷബീന എബ്രഹാം, ഫിർഹാദ് എബ്രഹാം എന്നിവർ പങ്കെടുത്തു. ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച്
കെ.വി. ചെറിയാൻ, സിജി പൗലോസ്, ഹനു സ്കറിയ, കെ. വി രതീഷ്,
ജയകുമാർ.എം.എ എന്നിവർ പങ്കെടുത്തു.