ടൂറിസം വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന കാരവന്‍ ടൂറിസം പദ്ധതി ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാരവന്‍ ടൂറിസം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് എറണാകുളം ബോള്‍ഗാട്ടി പാലസില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹൗസ്ബോട്ട് എന്ന ആശയത്തിനു ശേഷം നവീനമായ ആശയമാണ് കാരവന്‍ ടൂറിസം പദ്ധതിയിലൂടെ അവതരിപ്പിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. അഞ്ച് വര്‍ഷത്തിനകം സഞ്ചാരികളുടെ എണ്ണം ഇതുവരെയില്ലാത്ത വിധം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. വിദേശ സഞ്ചാരികളോടൊപ്പം ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തും. കേരളത്തില്‍ ഇനിയും അറിയപ്പെടാത്ത നിരവധി സ്ഥലങ്ങളുണ്ട്. പ്രകൃതിഭംഗി നിറഞ്ഞതും ചരിത്രവും സംസ്‌കാരവും ഇടകലര്‍ന്നതുമായ നിരവധി പ്രദേശങ്ങളുണ്ട്. ഇത്തരം ടൂറിസം കേന്ദ്രങ്ങളെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിലും ഇത്തരത്തിലുള്ള ഒന്നിലധികം കേന്ദ്രങ്ങള്‍ കണ്ടെത്തും. ഇവിടങ്ങളില്‍ താമസ സൗകര്യമില്ലാത്തതിനാല്‍ സഞ്ചാരികളെത്തുന്നില്ല. ഇവിടെ താമസസൗകര്യമൊരുക്കുന്നതിനാണ് കാരവന്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഓരോ ഗ്രാമങ്ങളിലും ഒരു കാരവന്‍ പാര്‍ക്കാണ് ലക്ഷ്യം. 50 സെന്റ് സ്ഥലത്ത് ഒരു കാരവന്‍ പാര്‍ക്ക് സജ്ജീകരിച്ച് ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങി കാരവനിലേക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. ഇതുവഴി നിരവധി പേര്‍ക്ക് തൊഴിലവസരങ്ങളും ലഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും കഴിയും. രണ്ട് പേര്‍ക്കും നാല് പേര്‍ക്കും താമസിക്കാവുന്ന കാരവനുകളാണ് പദ്ധതിയിലുണ്ടാകുക. മോട്ടോര്‍ വാഹന വകുപ്പിന്റെ പങ്ക് പദ്ധതിയില്‍ നിര്‍ണ്ണായകമായിരിക്കും. കാരവന്‍ രജിസ്‌ട്രേഷന്‍ അടക്കമുള്ളവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകണം. ഗതാഗത വകുപ്പുമായി ചേര്‍ന്ന് നിരവധി പദ്ധതികളാണ് ടൂറിസം വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്നത്. കാരവന്റെ നികുതി സ്‌ക്വയര്‍ മീറ്ററിന് ആയിരം രൂപയെന്നത് 250 രൂപയായി കുറയ്ക്കണമെന്നും മന്ത്രി ഗതാഗത മന്ത്രിയോട് അഭ്യര്‍ഥിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിവിധ പദ്ധതികള്‍ ടൂറിസം മേഖലയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കാരവന് പച്ചപ്പരവതാനി വിരിച്ച് ഗതാഗത വകുപ്പ്

ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള കാരവന് ഗ്രീന്‍ ചാനല്‍ പാത, കാരവന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ 24 മണിക്കൂറിനകം പൂര്‍ത്തിയാക്കും. ടൂറിസം വകുപ്പും ഗതാഗത വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന കാരവന്‍ ടൂറിസം പദ്ധതിയുടെ വിജയത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കാരവന്‍ ടൂറിസം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അഭ്യര്‍ഥന പ്രകാരം കാരവന്റെ നികുതി സ്‌ക്വയര്‍ മീറ്ററിന് ആയിരം രൂപയില്‍ നിന്ന് 250 രൂപയായി കുറയ്ക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കുന്നതായും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി കൂടി വേണം. ഇതിനുള്ള നടപടി ഉടനുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കാരവന്‍ ടൂറിസം പദ്ധതിയുള്‍പ്പെടുന്ന കാരവനുകള്‍ക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ലോഗോ നല്‍കും. ഇത്തരം ലോഗോയുള്ള കാരവനുകളെ അനാവശ്യ വാഹന പരിശോധനയില്‍ നിന്ന് ഒഴിവാക്കി ഗ്രീന്‍ ചാനല്‍ യാത്ര അനുവദിക്കും. ജോയിന്റ് ആര്‍ടിഒയ്ക്ക് താഴെയുള്ള ഉദ്യോഗസ്ഥര്‍ ഇത്തരം കാരവനുകള്‍ പരിശോധിക്കേണ്ടതില്ല. ടൂറിസ്റ്റുകളെയും ക്രിമിനലുകളെയും തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. അനാവശ്യ വാഹന പരിശോധനയിലൂടെ ബുദ്ധിമുട്ടിച്ചാല്‍ സഞ്ചാരികള്‍ അടുത്ത തവണ യാത്രയ്ക്ക് കേരളം തിരഞ്ഞെടുക്കില്ല. ഒരു വാഹനത്തെ ടൂറിസം കേന്ദ്രമാക്കി മാറ്റുമ്പോള്‍ അതിനു സഹായകമായ നിലപാട് ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം. ചേസിസ് എടുത്ത് പുതുതായി നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് അനുവദിക്കാവുന്ന ഇളവുകള്‍ കാരവന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നല്‍കണം. കാരവന്‍ ടൂറിസം പദ്ധതി വിജയിപ്പിക്കാനുള്ള ബാധ്യത മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് ഫുഡി വീല്‍സ് പദ്ധതിയും നടപ്പാക്കുന്നുണ്ട്. പഴയ കെഎസ്ആര്‍ടിസി വാഹനങ്ങളില്‍ റെസ്റ്ററന്റ് സൗകര്യവും റൂഫ് ഗാര്‍ഡനും ഏര്‍പ്പെടുത്തുന്ന സംവിധാനമാണിത്. കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ കുറഞ്ഞ ചെലവില്‍ ഇത്തരം റസ്റ്ററന്റുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകും. മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ 616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോവളം-ബേക്കല്‍ ജലപാത പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

കാരവന്‍ പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അവബോധം നല്‍കാനാണ് കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചത്. ആര്‍ടിഒമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ തുടങ്ങിയവരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. നവംബര്‍ 15 മുതല്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന അദാലത്തിന്റെ ഭാഗമായി ജില്ലകളിലും ഇത്തരത്തിലുള്ള ശില്‍പ്പശാല സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.എസ്. പ്രമോദ് ശങ്കറിനെ കാരവന്‍ കേരള പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിയമിച്ചു. ഹൈബി ഈഡന്‍ എംപി, കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍, ബോള്‍ഗാട്ടി വാര്‍ഡ് പഞ്ചായത്തംഗം നിക്കോളാസ് ഡികൂത്ത്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാര്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.