കോട്ടയം: ക്ലീൻ ഇന്ത്യ കാമ്പയിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്നു(ഒക്‌ടോബർ 1) മുതൽ 31 വരെ ജില്ലയിൽ ശുചീകരണം യജ്ഞം നടത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം ചേർന്നു. ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ഊർജ്ജിതമാക്കാൻ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ പി. രമേശ്, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ്, ഐ.പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ കെ.ബി. ശ്രീകല, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓർഡിനേറ്റർ എച്ച്. സച്ചിൻ, ക്ലീൻ കേരള മിഷന്റെ സഞ്ജു എന്നിവർ പങ്കെടുത്തു.