കണ്ണൂർ: സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തേണ്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ബന്ധപ്പെട്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) നിര്‍ദ്ദേശിച്ചു. ക്ലാസ് മുറികള്‍, ടോയ്‌ലറ്റുകള്‍, ചുറ്റുപാടുകള്‍ എന്നിവ വൃത്തിയാക്കണം. അറ്റകുറ്റപ്പണികള്‍ നടത്തണം. അതത് ആരോഗ്യ സ്ഥാപനത്തിന് കീഴില്‍ വരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്ദര്‍ശിച്ച്് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷവും സാനിറ്ററി ഇന്‍സ്‌പെക്ഷന്‍ നടത്തണം. ഇലക്ട്രിക്കല്‍ ലൈനുകള്‍ സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും ഇലക്ട്രിക് ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുകയും വേണം. ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പേ എല്ലാ ദിവസവും 10 മണി മുതല്‍ ഒരു മണി വരെ ക്ലാസുകളിലെ ജനലുകളും വാതിലുകളും തുറന്നിടണം. എല്ലാ ക്ലാസ് റൂമുകളും സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് അണു നശീകരണം നടത്തുകയും ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.