പത്തനംതിട്ട: ഗാന്ധി ജയന്തിയോടനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസുകളിലെ ഇ – മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പരിപാടിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ഇ-മാലിന്യങ്ങള്‍ ക്ലീന്‍ കേരളാ കമ്പനിക്ക് കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരളാ കമ്പനി എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ പരമാവധി ഇ-പാഴ് വസ്തുക്കള്‍ ശേഖരിക്കാനാണ് തീരുമാനം.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളും വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റി മാലിന്യമുക്ത സന്ദേശം ജനങ്ങള്‍ക്ക് നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ആര്‍.രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍. നന്ദകുമാര്‍, ക്ലീന്‍ കേരളാ കമ്പനി ജില്ലാ മാനേജര്‍ എം.ബി ദിലീപ് കുമാര്‍, പൊതുമരാമത്ത് ഇലക്‌ട്രോണിക്‌സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയചന്ദ്രന്‍, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജയ്, ജില്ലാ പഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് അരുണ്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.