ഇടുക്കി :സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാല്‍പ്പത്തിയൊന്നാം റാങ്ക് നേടിയ മുരിക്കാശ്ശേരി സ്വദേശിനി അശ്വതി ജിജിയെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു.
വാത്തിക്കുടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണ പരിപാടി സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു; തുടര്‍ന്ന് ഉപഹാരം നല്‍കി. ദീര്‍ഘ വീക്ഷണവും അശ്രാന്തപരിശ്രമവും ജീവിത വിജയത്തിലെത്തിക്കുമെന്നതിനുള്ള ഉദാഹരണമാണ് അശ്വതി ജിജിയെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ചെന്നൈയിലായിരുന്ന അശ്വതി ജിജി രാവിലെയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ അശ്വതിക്ക് വന്‍ സ്വീകരണമാണ് വാത്തിക്കുടി ഗ്രാമപഞ്ചായത്തിന്റെയും പൗരാവലിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ബസ്റ്റാന്റ് മൈതാനായില്‍ നിന്നും സ്വീകരിച്ചാനയിച്ചാണ് അശ്വതിയെ സമ്മേളന വേദിയായ മുരിക്കാശ്ശേരി മാതാ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തിച്ചത്.

ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ എന്നീവര്‍ അശ്വതിയെയും മാതാപിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ അശ്വതിയുടെ മാതാപിതാക്കളായ ജിജി, ഓമന ജിജി സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വ്യാപാരി വ്യവസായി നേതാക്കള്‍ തുടങ്ങിയവരും സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. പെണ്‍കുട്ടികള്‍ സമൂഹത്തിലെ വിവിധ തുറകളിലേയ്ക്ക് ഇറങ്ങി വരേണ്ടവരാണെന്നും അവരുടെ കഴിവുകളെ കണ്ടെത്തി അത് ലക്ഷ്യത്തില്‍ എത്തിക്കാന്‍ മാതാപിതാക്കള്‍ സഹായിക്കണമെന്നും മറുപടി പ്രസംഗത്തില്‍ അശ്വതി ജിജി പറഞ്ഞു.