തൃശൂര്‍: അന്നം തരുന്ന സ്ഥാപനത്തിന് വരുമാനത്തില്‍ നിന്ന് സ്വരൂപിച്ച തുക കൊണ്ട് വാഹനം വാങ്ങി നല്‍കി തൊഴിലാളികള്‍. മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഗ്രോ സര്‍വീസ് സെന്ററിലെ 21 തൊഴിലാളികളാണ് കാര്‍ഷിക കേന്ദ്രത്തിലേയ്ക്ക് വാഹനം വാങ്ങി നല്‍കി മാതൃകയായത്. കാര്‍ഷികകേന്ദ്രത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന തൈകളും ജൈവ വളങ്ങളും എല്ലാം വിതരണം ചെയ്തിരുന്നത് വാടകയ്ക്ക് എടുത്തിരുന്ന വാഹനത്തിലായിരുന്നു. മാസം 40,000 രൂപ വരെ ഈയിനത്തില്‍ ചെലവ് വരും. കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി പ്രവര്‍ത്തനങ്ങളാണ് കാര്‍ഷിക കേന്ദ്രത്തില്‍ നടന്നു വരുന്നത്. ഇതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു ശതമാനം വരുന്ന വിഹിതം കേന്ദ്രത്തിന്റെ ആവശ്യങ്ങള്‍ക്കായി നീക്കിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ 10 ലക്ഷം രൂപയോളം പിരിഞ്ഞു കിട്ടിയപ്പോഴാണ് കേന്ദ്രത്തിന് ആവശ്യം വേണ്ട വാഹനം വാങ്ങാന്‍ തീരുമാനിക്കുന്നത്. 8.30 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. കാര്‍ഷിക കേന്ദ്രത്തില്‍ നിന്ന് വിപണനം ചെയ്യുന്ന തൈകള്‍, ജനകീയാസൂത്രണ പദ്ധതികള്‍, ബ്ലോക്ക് പദ്ധതികള്‍, തുടങ്ങി ഇതുമായി ബന്ധപ്പെട്ട കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിതരണം എന്നിവയെല്ലാം ഇനി സുഗമമാകും. വാടകയിനത്തില്‍ ചെലവായിരുന്ന തുക ഇതിലൂടെ ലാഭിക്കാന്‍ കഴിഞ്ഞതായും കൃഷി ഓഫീസര്‍ ബൈജു ബേബി പറഞ്ഞു. വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു.
ലോക്ക്ഡൗണ്‍ കാലത്ത് ഒന്നര ലക്ഷം തൈകള്‍ ഉല്‍പാദിപ്പിച്ച് നേരത്തെ തന്നെ മതിലകം കാര്‍ഷിക കേന്ദ്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. മാത്രമല്ല, കൃഷിവകുപ്പിന്റെ പുതിയ സംരംഭമായ ബ്ലോക്ക്തല കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആസ്ഥാനമായി മതിലകം കാര്‍ഷിക സര്‍വ്വീസ് സെന്ററിനെ മാറ്റുകയും ചെയ്തു. വിത്ത്, ജൈവജീവാണു വളങ്ങള്‍, ചെറിയ കാര്‍ഷികോപകരണങ്ങള്‍, മറ്റു കാര്‍ഷിക ഉല്‍പ്പന്ന ഉപാധികള്‍ എന്നിവ മിതമായ വിലയില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ കാര്‍ഷിക സേവന കേന്ദ്രത്തില്‍ വിപണന കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണവും വിപണനവും സുഗമമാക്കുന്നതിനായി മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴ് പഞ്ചായത്തുകളിലും എല്ലാ ബുധനാഴ്ചകളിലും ആഴ്ച ചന്തയും സംഘടിപ്പിക്കുന്നുണ്ട്.