കൊല്ലം:നാഷണല്‍ സര്‍വീസ് സ്‌കീം പാര്‍പ്പിടരംഗത്ത് ക്രിയാത്മക ഇടപെടല്‍ നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാനത്താകെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 25 ഭവനങ്ങളുടെ താക്കോല്‍ദാനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മാനവികതയുടെ സന്ദേശം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് എന്‍.എസ്.എസ് നടത്തുന്നത് – മുഖ്യമന്ത്രി പറഞ്ഞു.
ക്ലാപന ഷണ്‍മുഖ വിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷനായ വിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറിയില്‍ നടപ്പിലാക്കിവരുന്ന എന്‍.എസ.്എസ് പ്രവര്‍ത്തനങ്ങള്‍ മറ്റു വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് വിദ്യാഭ്യാസ അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ മരുന്നുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. എല്ല് പൊടിയുന്ന അപൂര്‍വ്വ രോഗത്തിന്റെ പ്രയാസങ്ങള്‍ നേരിടുന്ന ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയായ അതുല്‍ പഠനാവശ്യത്തിനായി ലാപ്‌ടോപ്പ് ആവശ്യം അറിയിച്ചപ്പോള്‍ മൊബൈല്‍ ഫോണോ ലാപ്‌ടോപ്പോ ഉടന്‍ സജ്ജീകരിച്ച് നല്‍കാമെന്ന് വാക്ക് പറഞ്ഞാണ് മന്ത്രി മടങ്ങിയത്.
ഷണ്മുഖ വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ.്എസ് യൂണിറ്റ് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം എ.എം ആരിഫ് എം.പി നിര്‍വഹിച്ചു. 2021- 22 വര്‍ഷത്തെ എച്ച്. എസ്. ഇ. എന്‍.എസ.്എസ് പ്രവര്‍ത്തന ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സി.ആര്‍. മഹേഷ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായും ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത രമേശ്, ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മോഹന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, എന്‍. എസ്. എസ.് ജില്ലാ കണ്‍വീനര്‍ കെ. ജി. പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.