പാലക്കാട്‌: സംസ്ഥാന വനം-വന്യജീവി വകുപ്പ് ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പാലക്കാട് ആരണ്യ ഭവന്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ വനം- വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ അധ്യക്ഷനാകും. എ. പ്രഭാകരന്‍ എം.എല്‍.എ, വി. കെ. ശ്രീകണ്ഠന്‍ എം.പി എന്നിവര്‍ വന്യജീവി സംരക്ഷണ സന്ദേശം നല്‍കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ന് വന്യജീവി ശാസ്ത്രജ്ഞനായ ഡോ. എ.ജെ.ടി. ജോണ്‍സിംഗ് ‘ഇന്ത്യയിലെ വന്യ ജീവി സംരക്ഷണം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.