പാലക്കാട്‌: നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും, കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ പാന്‍ ഇന്ത്യ അവെയര്‍നസ് ആന്റ് ഔട്ട്റീച്ച് ക്യാമ്പയിനിന്റെ ഭാഗമായി പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മെമ്പര്‍മാര്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ക്കും ട്രൈബല്‍ വിഭാഗങ്ങള്‍ക്കും നിയമ ബോധവത്ക്കരണ ക്ലാസുകള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ 14 വരെ സംഘടിപ്പിക്കുന്നു. നിയമ ബോധവത്ക്കരണ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അമിത് റാവല്‍ നാളെ (ഒക്ടോബര്‍ രണ്ട്) ഉച്ചയ്ക്ക് 12 ന് നിര്‍വഹിക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുമായ ഡോ.ജി.കലാം പാഷ അധ്യക്ഷനാവും. സ്റ്റേഡിയം ബൈപാസ് റോഡിലുള്ള ഫോര്‍ എന്‍ സ്‌ക്വയര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ മേധാവി ആര്‍.വിശ്വനാഥ്, പാലക്കാട് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്‍മാനും ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ പി.പി.സെയ്തലവി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി വി.ജി.അനുപമ, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.ഗിരി, ഗവ.പ്ലീഡര്‍.പി.അനില്‍ എന്നിവര്‍ പങ്കെടുക്കും.