കൊല്ലം: നൂതന പദ്ധതികള്‍ക്കും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് സഹായകമായ പദ്ധതികളുമായി ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ് അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ സമിതി യോഗം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത പ്രോജക്ടുകള്‍ വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ നടപ്പാക്കണം. അപ്രന്റീഷിപ്പ് പ്രോഗ്രാമുകള്‍ക്ക് പരിശീലനത്തിനുശേഷം ജോലി ലഭ്യമാക്കുന്നതിനുള്ള സാഹചര്യം കൂടി ഉറപ്പാക്കണം എന്ന് അദ്ദേഹം പറഞ്ഞു. ലഹരി വിമുക്ത പ്രോജക്ടുകള്‍ പോലീസ് -എക്‌സൈസ് വകുപ്പുകളുടെ സംയോജനത്തോടെ നടപ്പാക്കാനും നിര്‍ദ്ദേശിച്ചു.
39 പ്രോജക്ടുകളാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. 33 എണ്ണത്തിന് അംഗീകാരം നല്‍കി. പുനരുപയോഗ പ്ലാസ്റ്റിക് പ്രയോജനപ്പെടുത്തിയുള്ള മണ്ണില്ലാകൃഷി പദ്ധതി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ചു. ഉല്‍പ്പാദന സേവന മേഖലകളില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കികൊണ്ടുള്ള പദ്ധതികളാണ് ജില്ലാപഞ്ചായത്ത് അവതരിപ്പിച്ചത്. പരമ്പരാഗത മേഖലയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സ്വന്തം വീടുകളില്‍ നിന്ന് വരുമാനമാര്‍ഗ്ഗം ലഭ്യമാക്കുന്ന പദ്ധതി മുതല്‍ കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കറവ പശുവിനെയും കുട്ടിയെയും തീറ്റപ്പുല്ലും അടക്കം വിതരണം ചെയ്യുന്ന പദ്ധതികളും ചര്‍ച്ചയ്‌ക്കെത്തി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും കൈത്താങ്ങാകുന്ന പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. വ്യവസായ സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനും, പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയായവര്‍ക്ക് രണ്ടുവര്‍ഷത്തെ തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതികളും ചര്‍ച്ച ചെയ്തു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ജെ ആമിന, സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, തദ്ദേശസ്ഥാപന പ്രസിഡന്റുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.