പാലക്കാട്: ജില്ലയിൽ പുതുതായി അനുവദിച്ച 15270 മുൻഗണനാ കാർഡുകളുടെ താലൂക്ക്തല വിതരണം ആരംഭിച്ചു. ജില്ലയിൽ അന്ത്യോദയ അന്ന യോജന(എ.എ.വൈ) പ്രകാരം 2516 റേഷൻ കാർഡുകളാണ് അനുവദിച്ചിട്ടുള്ളത്.

പാലക്കാട് താലൂക്ക് -4777, ചിറ്റൂർ താലൂക്ക്-3202, ഒറ്റപ്പാലം താലൂക്ക്-943, മണ്ണാർക്കാട് താലൂക്ക്-1853, ആലത്തൂർ താലൂക്ക്-3233, പട്ടാമ്പി താലൂക്ക് -1262. എന്നിങ്ങനെയാണ് താലൂക്ക് തലത്തിൽ മുൻഗണനാ റേഷൻ കാർഡുകൾ പുതുതായി അനുവദിച്ചു നൽകിയത്.

പുതിയ മുൻഗണനാ കാർഡുകളുടെ ചിറ്റൂർ താലൂക്കുതല വിതരണം ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ് ശിവദാസ്, ബേബി സുധ, വിഘ്നേഷ്, പ്രേമ, റിഷ പ്രേംകുമാർ, ജില്ലാ സപ്ലൈ ഓഫീസർ വി കെ ശശിധരൻ, താലൂക്ക് സപ്ലൈ ഓഫീസർ എ. എസ്. ബീന എന്നിവർ സംസാരിച്ചു.

പാലക്കാട്‌, താലൂക്ക്തല മുൻഗണനാ റേഷൻ കാർഡ് വിതരണ ഉദ്ഘാടനം എ. പ്രഭാകരൻ എം.എൽ.എ നിർവഹിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. കെ ശാന്തകുമാരി എം.എൽ.എ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, എ.ഡി.എം കെ. മണികണ്ഠൻ, നഗരസഭ വാർഡ് കൗൺസിലർ സുഭാഷ്, ജില്ലാ സപ്ലൈ ഓഫീസർ വി.കെ ശശിധരൻ, താലൂക്ക് സപ്ലൈ ഓഫീസർ പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

പട്ടാമ്പി താലൂക്ക്തല റേഷൻ കാർഡുകളുടെ വിതരണം പട്ടാമ്പി താലൂക്ക് കോൺഫറൻസ് ഹാളിൽ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ഒ ലക്ഷ്മിക്കുട്ടി, തഹസിൽദാർ ഗിരിജാദേവി, താലൂക്ക് സപ്ലൈ ഓഫീസർ വിനോദ് എന്നിവർ സംസാരിച്ചു.