സിവിൽ സ്റ്റേഷൻ പരിസരം നവീകരിക്കുന്നതിന് ജില്ലാ കളക്ടർ ജാഫർ മലിക്ക് നിർദ്ദേശം നൽകി. ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് സിവിൽ സ്റ്റേഷൻ പരിസരം വിലയിരുത്തിയ കളക്ടർ പരേഡ് ഗ്രൗണ്ട് ഉപയോഗ സജ്ജമാക്കാൻ നിർദേശം നൽകി.
ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകും. സിവിൽ സ്റ്റേഷൻ വളപ്പിലെ പാഴ്മരങ്ങളും കാടുകളും വെട്ടിത്തെളിക്കും. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ഗോഡൗണുകൾ ഉപയോഗയോഗ്യമാക്കും. ശുചിത്വമിഷൻ, ഹരിത കേരളമിഷൻ എന്നിവയുടെ സഹകരണം വിവിധ പ്രവർത്തനങ്ങൾക്ക് ലഭ്യമാകും.
എ.ഡി.എം എസ്. ഷാജഹാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി.എച്ച് ഷൈൻ, ഹരിത കേരളമിഷൻ ജില്ലാ കോ-ഓഡിനേറ്റർ സുജിത് കരുൺ എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.