സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിതം പദ്ധതി പ്രകാരം ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി. ഡീന്‍ കുര്യാക്കോസ് എം പി ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സമദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടി യൂസഫ് പി.എം. പദ്ധതി വിശദീകരണം നടത്തി.

ഇടവെട്ടി മീന്‍മുട്ടിയിലെ പെട്രോള്‍ പമ്പിന് സമീപം കല്ലുംപുറത്ത് ബില്‍ഡിംഗിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുക. ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ വിവിധ കുടുംബശ്രീകളിലെ അംഗങ്ങള്‍ ചേര്‍ന്ന ഗ്രൂപ്പാണ് ജനകീയ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. പ്രിയ മനോജ്, ലിറ്റി ബിനോയി, രാജമ്മ ബാബു എന്നിവരാണ് ഗ്രൂപ്പില്‍ ഉള്ളത്.

ഭക്ഷണം തയ്യാറാക്കുന്നത് മുതല്‍ വിതരണം ചെയ്യുന്നത് വരെ എല്ലാ ചുമതലകളും അംഗങ്ങളെല്ലാവരും ഒരുമിച്ചാണ് ചെയ്യുന്നത്. 25 പേര്‍ക്ക് ഒരേ സമയം ജനകീയ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ക്യാബിനുകളും പൊതു ഡെസ്‌കുകളും ഹോട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ കിച്ചന്‍, ടോയ്‌ലെറ്റ്, വാഷ് ഏരിയ എന്നിവയുമുണ്ട്.

ചോറ്, ബിരിയാണി, കപ്പ, മീന്‍ കറി, പൊറോട്ട, ബീഫ്, ചിക്കന്‍, ചെറുകടികള്‍ തുടങ്ങി എല്ലാ തരത്തിലുള്ള ഭക്ഷണവും ഇവിടെ നിന്നും വിതരണം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു. ചോറിന് 20 രൂപായും പാഴ്‌സലായി 25 രൂപായുമാണ് ഈടാക്കുക. മീന്‍ കറിയും ചോറും 65 രൂപാക്ക് ലഭിക്കും. ബാക്കി ഇനങ്ങള്‍ക്ക് മറ്റ് ഹോട്ടലുകളില്‍ ഈടാക്കുന്ന സാധാരണ വില മാത്രം നല്‍കിയാല്‍ മതിയാവും. കോവിഡ് പശ്ചാത്തലത്തില്‍ പാഴ്‌സല്‍ നല്‍കുന്നതിനാണ് മുന്‍ഗണന. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവര്‍ത്തന സമയം. ഇതോടൊപ്പം കേറ്ററിങ് സര്‍വീസും ഉണ്ട്. ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം തയ്യാറാക്കി നല്‍കും. ജില്ലാ കുടുംബശ്രീ മിഷനാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം.