ആസാദി കാ അമൃത് മഹോത്സവ്’; ഡിഎല്‍എസ്എ യുടെ നേതൃത്വത്തില്‍ നിയമ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമായി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പകര്‍ന്ന് തന്ന പ്രവര്‍ത്തന മാതൃക പിന്തുടരാന്‍ നമ്മളോരോരുത്തരും പ്രതിജ്ഞാ ബദ്ധരാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷാജി.പി.ചാലി പറഞ്ഞു. ‘ആസാദി ക അമൃത് മഹോത്സവ്’ ന്റെ ഭാഗമായി ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന നിയമ ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പൗരന്‍മാര്‍ തമ്മിലുള്ള എല്ലാ തര്‍ക്കങ്ങളും രമ്യതയിലൂടെ പരിഹരിക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ ആശയം. ഇന്ന് ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പാക്കിക്കൊണ്ടിരിക്കുന്നതും അതാണ്. ലീഗല്‍ സര്‍വീസ് അതോറിറ്റി രൂപീകൃതമായത് 1987 ല്‍ ആണെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കുറച്ച് വൈകി. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ കാലയളവിലെ കണക്കെടുത്താല്‍ ഒട്ടേറെ മേഖലകളിലേക്ക് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. കഷ്ടതയനുഭവിക്കുന്ന നിരവധിയാളുകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ആശ്രയമാകാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരാന്‍ സാധിച്ചതിലൂടെയാണ് ഈ നേട്ടത്തിലേക്ക് എത്താന്‍ സാധിച്ചത്. പകര്‍ച്ച വ്യാധികളും പ്രകൃതി ദുരന്തങ്ങളും മൂലം ബുദ്ധിമുട്ടനുഭവപ്പെടുന്ന ഈ കാലഘട്ടത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ജസ്റ്റിസ് ഷാജി.പി.ചാലി പറഞ്ഞു.

തൊടുപുഴ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇടുക്കി ജില്ലാ ജഡ്ജി നിക്‌സണ്‍. എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീന്‍ പി.എ. സ്വാഗതം പറഞ്ഞു. യോഗത്തില്‍ തൊടുപുഴ എം.എല്‍.എ പി.ജെ.ജോസഫ്, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി, തൊടുപുഴ ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അഡ്വ. അമ്പിളി.യു എന്നിവര്‍ സംസാരിച്ചു. തൊടുപുഴ മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ്ബ് കൃജ്ഞത പറഞ്ഞു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് തൊടുപുഴ സബ്ജഡ്ജ് റോഷന്‍ തോമസിന്റെ നേതൃത്വത്തില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

‘ആസാദി ക അമൃത് മഹോത്സവ്’ ന്റെ ഭാഗമായി 2021 ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ ജില്ലയിലെമ്പാടും നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍, സര്‍വ്വേകള്‍, അദാലത്തുകള്‍, സെമിനാറുകള്‍, വിവിധ രംഗങ്ങളിലെ പ്രമുഖരെ ആദരിക്കല്‍, പുരസ്‌കാര വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീന്‍ പി.എ. അറിയിച്ചു.