പ്രഭാത സവാരിക്കിടെ മാലിന്യ ശേഖരണം എന്ന ആശയം ഉൾക്കൊള്ളുന്ന പ്ലോഗ് റൺ കുന്നംകുളം നഗരസഭയിൽ സംഘടിപ്പിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്ത ആസാദി കാ അമൃത് മഹോത്സവിൻ്റെ സമാപനമായാണ് ബഹുജന പങ്കാളിത്തത്തോടെ പ്ലോഗ് റൺ സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ, ഗവ.പോളിടെക്നിക്കിലെ എൻ.സി.സി. കേഡറ്റ്സ്, ഫയർ ആന്റ് റസ്ക്യുവിൻ്റെ ഭാഗമായുള്ള സിവിൽ ഡിഫൻസ് ടീം, നഗരസഭ ജീവനക്കാർ, നഗരസഭാ ശുചീകരണ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലയിലുള്ള നൂറോളം പേർ പ്ലോഗ് റണ്ണിൻ്റെ ഭാഗമായി.
വൈസ് ചെയർപേർസൺ സൗമ്യ അനിലൻ, ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സോമശേഖരൻ, സെക്രട്ടറി ടി.കെ.സുജിത്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.മോഹൻദാസ്, പി.എ.വിനോദ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.രമിത, എം.എസ്.ഷീബ, എസ്.രശ്മി, സ്മിത പരമേശ്വരൻ, ആഷ ദിവാകർ, അരുൺ കുമാർ എന്നിവർ പങ്കെടുത്തു. തൃശൂർ റോഡ്, വടക്കാഞ്ചേരി റോഡ്, പട്ടാമ്പി റോഡ്, ഗുരുവായൂർ റോഡ് എന്നീ റോഡുകളിൽ സ്ക്വാഡുകളായി തിരിഞ്ഞ് പ്ലോഗ് റണ്ണിലൂടെ മാലിന്യശേഖരണം നടത്തി. 28 ചാക്കുകളിലായി ഉദ്ദേശം ഒരു ടണ്ണോളം ഖരമാലിന്യം ഇതുവഴി ശേഖരിച്ചു. നഗരസഭയുടെ ഹരിത കർമ്മ സേനാംഗങ്ങളെ കുന്നംകുളം ഗവ.പോളിടെക്നിക് കോളേജിലെ എൻ.സി.സി യൂണിറ്റ് ആദരിച്ചു.