ഇന്നത്തെ സമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നം സ്വാര്‍ത്ഥതയാണെന്നും അതിനെതിരായ ബോധവല്‍ക്കരണമാണ് അനിവാര്യമെന്നും കേരള ഹൈക്കോടതി സീനിയര്‍ ജഡ്ജി ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍. ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടത്തുന്ന നിയമ സേവന ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തികള്‍ സ്വാര്‍ത്ഥരാവുമ്പോള്‍ സമൂഹവും അങ്ങനെയായിത്തീരും. മറ്റൊരാള്‍ക്ക് വേണ്ടി എന്തു ചെയ്യാനാവും എന്നതിനെക്കാള്‍ മറ്റുള്ളവരില്‍ നിന്ന് തനിക്ക് എന്ത് കിട്ടാനുണ്ട് എന്നതാണ് ഇന്ന് ആളുകളുടെ ചിന്ത. നാം അവകാശങ്ങളെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാണ്. അതിനാല്‍ സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുക വളരെ പ്രധാനമാണ്. ഈ ഒരു ആശയം ജനങ്ങളുടെ മനസ്സില്‍ സൃഷ്ടിക്കാനായാല്‍ കൂടുതല്‍ സന്തുഷ്ടമായ സമൂഹത്തെ വാര്‍ത്തെടുക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാനവികതയെന്നത് സമൂഹത്തിലെ സഹജമായ വികമാരമാണ്. രണ്ട് പ്രളയങ്ങള്‍ അതാണ് നമ്മെ പഠിപ്പിച്ചത്. മറ്റുള്ളവരെ സഹായിക്കാന്‍ ആളുകള്‍ മല്‍സരിക്കുകയായിരുന്നു അന്ന്. ഈ വികാരത്തെ എപ്പോഴും ജ്വലിപ്പിച്ചു നിര്‍ത്താന്‍ ബോധവല്‍ക്കരണ പരിപാടികളിലൂടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നീതിന്യായ വ്യവസ്ഥകള്‍ക്കും ജനപ്രതിനിധികള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട്. സാധാരണക്കാരില്‍ നിയമബോധം സൃഷ്ടിക്കുന്നതിന് ശാസ്ത്രീയവും വ്യക്തവുമായ രീതികള്‍ ഉണ്ടാക്കിയെടുക്കണം. എല്ലാവര്‍ക്കും നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയെന്നത് സമൂഹത്തിന്റെ കടമയാണെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി ജെ വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പൊലീസ് മേധാവി ആര്‍ ആദിത്യ, ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വര്‍ഗീസ്, കൗണ്‍സിലര്‍ സുനിത വിനു തുടങ്ങിയവര്‍ പങ്കെടുത്തു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംഘടിപ്പിക്കുന്ന അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ 14 വരെ ആചരിക്കുന്ന നിയമസേവനവാരത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികളുടെ ഭാഗമായി പൊലീസ്, എക്സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ആദിവാസി വിഭാഗങ്ങള്‍, ജുവനൈല്‍ ഹോമിലെ അന്തേവാസികള്‍, തടവുകാര്‍, അതിഥി തൊഴിലാളികള്‍, അങ്കണവാടി ടീച്ചര്‍മാര്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍, സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് അവരവരുടെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കും.
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി ഒക്ടോബര്‍ 14 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് (ഫോണ്‍- 8592886860) ആരംഭിച്ചു. ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്കു പുറമെ, നിയമ അദാലത്തുകള്‍, നിയമ ക്ലിനിക്കുകള്‍, എക്സിബിഷനുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.