വന്യജീവികളെ അതിന്റെ ആവാസ മേഖലകളിൽ സംരക്ഷിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളും വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയുന്നതിനുള്ള ഹ്രസ്വകാല പദ്ധതികളും സർക്കാർ പരിഗണനയിലെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.

വനത്തെയും വന്യജീവികളെയും സംരക്ഷിച്ചാൽ മാത്രമേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനാകൂ. വനത്തിലെ സന്തുലിതാവസ്ഥയ്ക്ക് മാറ്റം വന്നതാണ് മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ എത്താൻ കാരണം. ഇത് ഒഴിവാക്കാൻ അവയുടെ ആവസാ വ്യവസ്ഥയ്ക്കകത്ത് ആവശ്യത്തിന് ഭക്ഷണം ഉറപ്പാക്കുകയാണ് വഴി. ഇത് ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതിയാണ്. ഇതിനായി ലഭിച്ച നിർദേശങ്ങൾ വനം വകുപ്പ് പരിശോധിക്കുന്നുണ്ട്.

കിടങ്ങുകൾ, ഫെൻസിങ് തുടങ്ങിയ ഹ്രസ്വകാല പദ്ധതികളാണ് ഇപ്പോൾ വകുപ്പ് നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ ജാഗ്രതാ സമിതികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. വന്യ മൃഗങ്ങളെ കാട്ടിലേക്ക് കയറ്റാൻ ഇവർ ഫലപ്രദമായി ഇടപെടുന്നുണ്ട്. ജില്ലയിലും ഈ പ്രവർത്തി മികച്ച രീതിയിൽ നടക്കുന്നുണ്ട്. മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കണമെന്ന പരസ്പ്പര വിരുദ്ധമായ ഉത്തരവാദിത്തമാണ് വനം വകുപ്പിനും സർക്കാരിനും ഉള്ളത്. ആ ദൗത്യം നിർവഹിക്കാനുള്ള തുടക്കമാണ് വനം -വന്യ ജീവി വാരഘോഷമെന്നും മന്ത്രി വ്യക്തമാക്കി.