സംസ്ഥാനത്തെ വനമേഖലകളിൽ സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വനം- വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ച് കൊണ്ട് പറഞ്ഞു.

വനത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്തി വന്യജീവികള്‍ക്ക് വിട്ടുനല്‍കുകയും മനുഷ്യരുടെ ആവാസവ്യവസ്ഥ കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നതിലൂടെ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി കൃഷിയിടങ്ങളും മറ്റും നശിപ്പിക്കുന്ന അവസ്ഥ കുറയ്ക്കാനാകും. വനവിഭവങ്ങളുടെ കുറവാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാൻ കാരണമാകുന്നത്. ഇത് നേരിടുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. വനഭൂമിയില്‍ നട്ടുവളര്‍ത്തിയിട്ടുള്ള യൂക്കാലിപ്‌സ്, അക്കേഷ്യ പോലുള്ള വൃക്ഷങ്ങള്‍ ഘട്ടംഘട്ടമായി മുറിച്ചുമാറ്റി ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടുന്ന സ്വാഭാവിക വനം സൃഷ്ടിക്കാനുള്ള പദ്ധതി നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശീയരും ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 204 ജനജാഗ്രതാസമിതികള്‍ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ട്. കര്‍ഷക സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച് പദ്ധതി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകും. വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പ്രദേശത്തിന് അനുയോജ്യമായ രീതിയില്‍ സൗരോര്‍ജ്ജ കമ്പിവേലി, റെയില്‍വേലി, ആനമതില്‍, കിടങ്ങുകള്‍, ക്രാഷ്ഗാര്‍ഡ്, റോപ്‌ഫെന്‍സിങ് തുടങ്ങിയവ നിര്‍മ്മിച്ച് കഴിഞ്ഞു. ഒപ്പം കരിമ്പന മതില്‍ പോലുള്ള നവീന ജൈവപ്രതിരോധങ്ങളും നടപ്പിലാക്കി വരികയാണ്.

കാട്ടാന പ്രശ്‌നം രൂക്ഷമായ പാലക്കാട്, വയനാട് ജില്ലകളില്‍ കാട്ടാനകളെ തിരിച്ചയക്കുന്നതിന് കുങ്കിയാന സ്‌ക്വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കാട്ടാനകളെ റേഡിയോകോളര്‍ ഘടിപ്പിച്ച് സഞ്ചാരപഥം നിരീക്ഷിച്ച് വനാതിര്‍ത്തിയിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉള്‍വനങ്ങളില്‍ താമസിക്കുന്നവരില്‍ നിന്നും സ്വയം സന്നദ്ധരായവരെ വനത്തിന് പുറത്ത് പുനഃരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. വയനാട്ടില്‍ ഇതിനോടകം 382 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു.

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തോക്ക് കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ക്കും ലൈസന്‍സുള്ള നാട്ടുകാര്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. പാമ്പുകളുടെ സംരക്ഷണത്തിന് ജനങ്ങളുടെ സുരക്ഷക്കുമായി സര്‍പ്പ മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറായി. വനംവകുപ്പ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയ റെസ്‌ക്യൂ പ്രവര്‍ത്തകര്‍ ഇതിനോടകം സര്‍പ്പ അപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

പാരിസ്ഥിതിക സന്തുലിതാവസ്ഥ അനിവാര്യം

പ്രകൃതിയില്‍ ജീവന്റെ തുടര്‍ച്ചക്ക് പാരിസ്ഥിതിക സന്തുലിതാവസ്ഥ അനിവാര്യമാണെന്ന ഓര്‍പ്പെടുത്തലാണ് ഈ വന്യജീവി വാരാചരണം മുന്നോട്ടു വക്കുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും പരസ്പരാശ്രിതമായാണ് കഴിയുന്നത്. വിവിധ തരത്തില്‍പ്പെട്ട സസ്യജന്തുജാലങ്ങളെ ഉള്‍ക്കൊള്ളുന്ന വനമെന്ന ജൈവവൈവിധ്യത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ വന്യജീവികള്‍ക്ക് വലിയ പങ്കാണുള്ളത്.

അത് കൊണ്ട് തന്നെ അവയുടെ നിലനില്‍പ്പിന് അനിവാര്യമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കേണ്ടത് ഓരോരുത്തരുടെയും ചുമതലയാണ്. കാലാവസ്ഥാ വ്യതിയാനം, കാട്ടുതീ, മനുഷ്യന്റെ കടന്നുകയറ്റം തുടങ്ങിയവ വന്യജീവീകളുടെ ആവാസവ്യവസ്ഥക്ക് വലിയ കോട്ടം ഉണ്ടാക്കിയിട്ടുണ്ട്. വന ആവാസ വ്യവസ്ഥയുടെ തകര്‍ച്ച മൂലം ഇന്ത്യയിലെ 372 സസ്തനികളില്‍ ചീറ്റപ്പുലി, കടുവ, കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പടെ 118 ഇനങ്ങള്‍ വംശനാശഭീഷണിയിലാണ്.

കേരളത്തില്‍ വന്യമൃഗങ്ങളും ഉരഗങ്ങളും മത്സ്യങ്ങളുമടക്കം 228 ജീവി വര്‍ഗങ്ങള്‍ വംശനാശഭീഷണിയിലാണെന്ന പഠനങ്ങള്‍ വന്നു കഴിഞ്ഞു. വന്യജീവി സംരക്ഷണത്തില്‍ കൂടുതല്‍ ഉത്തരവാദിത്ത പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യമാണ്. ഇത്തരത്തില്‍ രാജ്യത്തിന് മാതൃകയാക്കാവുന്ന ഉത്തരവാദിത്തപൂര്‍ണമായ ഇടപെടലാണ് സംസ്ഥാനം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

പുതുതായി രൂപീകരിക്കപ്പെട്ട കരിമ്പുഴ വന്യജീവി സങ്കേതമുള്‍പ്പടെ 20 സംരക്ഷിത വന്യജീവി സങ്കേതങ്ങളാണ് കേരളത്തില്‍ സംരക്ഷിച്ചു വരുന്നത്. പെരിയാര്‍, പറമ്പിക്കുളം സങ്കേതങ്ങള്‍ കടുവാസംരക്ഷണത്തില്‍ മികച്ചനിലവാരം പുലര്‍ത്തുന്നു. പെരിയാര്‍ കടുവാ സംരക്ഷണത്തില്‍ രാജ്യത്ത് ഒന്നാമതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള കുടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് ആരണ്യ ഭവൻ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷനായി. വി.കെ ശ്രീകണ്ഠൻ എം.പി, എ.പ്രഭാകരൻ എം.എൽ.എ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ & ഫോറസ്റ്റ് ഫോഴ്സ് മേധാവി പി.കെ കേശവൻ, കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ(വന്യജീവി വിഭാഗം) & പാലക്കാട് ഫീൽഡ് ഡയറക്ടർ കെ.വി ഉത്തമൻ എന്നിവർ പങ്കെടുത്തു.