ജനങ്ങൾക്ക് നിയമപരമായ കാര്യങ്ങളിൽ അറിവുണ്ടാക്കാനും അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും ജുഡീഷ്യൽ ഓഫീസർമാർ, സർക്കാർ അഭിഭാഷകർ, നിയമ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മുന്നോട്ടു വരണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു.

ഭിന്നശേഷിക്കാർ, സ്ത്രീകൾ, ആദിവാസി പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് ഉൾപ്പെടെ കുറ്റക്യത്യങ്ങളെറ്റിയും അവകാശങ്ങളെ സംബന്ധിച്ച് ബോധവത്കരണം നൽകണം. പ്രായ പൂർത്തിയാകാത്തവർ ഉൾപ്പെട്ട പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരക്കാരെ കുറ്റകൃത്യത്തിന്റെ ഗൗരവത്തെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും ബോധവാന്മാരാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ നടത്തുന്ന പാൻ ഇന്ത്യ ലീഗൽ അവൈർനസ്സ് ആന്റ് ഔട്ട് റിച്ച് പ്രോഗ്രാമിന്റെ ഭാഗമായി ലീഗൽ സർവീസസ് വീക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ഫോറൻസ് സ്ക്വയർ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പാലക്കാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയുമായ ഡോക്ടർ ബി.കലാം ഭാഷാ അധ്യക്ഷനായി. ജില്ലാ കലക്ടർ മൃൺമയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് പി.ഗിരി, ജില്ലാ ഗവ. പ്ലീഡർ പി. അനിൽ, ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ പി.പി. സൈദലവി , പാലക്കാട് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി വി.ജി അനുപമ എന്നിവർ സംസാരിച്ചു.