ജില്ലാ പഞ്ചായത്ത് 2015-2020 ല്‍ നടപ്പാക്കിയ ഭാരതപ്പുഴ പുന:രുജ്ജീവന പദ്ധതിയെ ‘പുഴപരിപാലനത്തിന് ജനകീയ സംരംഭങ്ങള്‍’ എന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരതപ്പുഴ കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പ്രളയം, കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഭാരതപ്പുഴ തടത്തിലെ നീര്‍ച്ചാലുകള്‍ സംരക്ഷിക്കാനായതും, 49 പച്ചത്തുരുത്തുകള്‍ സുസ്ഥിരമാക്കാന്‍ കഴിഞ്ഞതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സംഘടിപ്പിച്ച് വലിയൊരളവില്‍ പ്ലാസ്റ്റിക് മാലിന്യം പുഴയിലേക്കെത്തുന്നത് തടയാന്‍ കഴിഞ്ഞതും വലിയ നേട്ടങ്ങളായി സമിതി വിലയിരുത്തി.

ഭാരതപ്പുഴതടത്തിലെ ആകെയുളള 304 നീര്‍ത്തടങ്ങളില്‍ 183 എണ്ണത്തിന്റെ നീര്‍ത്തട പ്ലാനുകള്‍ പൂര്‍ത്തീകരിച്ചു. മുഖ്യമന്ത്രി 2018 ല്‍ പ്രകാശനം ചെയ്ത ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി രേഖയിലെ മുഴുവന്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ഭൂസംരക്ഷണ പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ കഴിഞ്ഞതും നേട്ടമായി യോഗം വിലയിരുത്തി.

ഭാരതപ്പുഴയിലേക്ക് മലിനജലം ഒഴുക്കുന്നത് പൂര്‍ണ്ണമായും തടയാനും പുഴയുടെയും കൈതോടുകളുടെയും തീരസംരക്ഷണത്തിനായി ജൈവ മുറകള്‍ സ്വീകരിച്ചുളള ജനകീയ പദ്ധതികള്‍ക്ക് 2021-26 കാലഘട്ടത്തില്‍ രൂപം നല്‍കാനും ധാരണയായിട്ടണ്ട്. പുഴപരിപാലന ജനകീയ കൂട്ടായ്മ പ്രാവര്‍ത്തികമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക സ്ഥാപനങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പുറമെ ഈ മേഖലയിലെ ജില്ലയിലെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും സാധ്യതകളും അവസരങ്ങളും ഉപയോഗിക്കാനും കോര്‍കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 20ന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പ്പശാല മാധ്യമ പ്രവര്‍ത്തകരെ കൂടി പങ്കെടുപ്പിച്ച് സംഘടിപ്പിക്കും.