ഗാന്ധിജയന്തി ദിനത്തില്‍ പൊന്നാനി ബീച്ചില്‍ മഹാശുചീകരണവുമായി പൊന്നാനി നഗരസഭ. ആസാദി കാ അമൃത് മഹോത്സവ ആഘോഷങ്ങളുടെ സമാപന പരിപാടിയായാണ് കടലോര ശുചീകരണം നടത്തിയത്. ജനപ്രതിനിധികള്‍, പൊന്നാനി എം.ഇ.എസ് കോളജിലെ എന്‍.എസ്.എസ്, എന്‍.സി.സി വിഭാഗങ്ങള്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, നഗരസഭാ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതോടെ നാല് ദിവസം നീണ്ടു നിന്ന നഗരസഭയുടെ ആസാദി കാ അമൃത് മഹാത്സവം അവസാനിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ നഗരസഭകളിലെ ശുചിത്വ മേഖലയില്‍ നടപ്പിലാക്കുന്ന പരിപാടിയാണ് ആസാദി കാ അമൃത് മഹോത്സവം. സെപ്തംബര്‍ 29 ന് നഗരത്തിന്റെ മുഖം മിനുക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിച്ചാണ് നഗരസഭയില്‍ പരിപാടിക്ക് തുടക്കമായത്. സെപ്തംബര്‍ 30 ന് വീടുകളില്‍ പോയി അജൈവ മാലിന്യ ശേഖരണം നടത്തുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളോടൊപ്പം ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ അനുഗമിച്ചു. ഒക്ടോബര്‍ ഒന്നിന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ഹരിത സഹായ സംഘം പ്രതിനിധികള്‍, പാഴ്വസ്തു വ്യാപാരികള്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് വിപുലമായ ശുചീകരണത്തോടെ പരിപാടി സമാപിച്ചു.
ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ അധ്യക്ഷയായ ചടങ്ങില്‍ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണായ ഷീനാസുദേശന്‍, പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.ഒ ഷംസു, കൗണ്‍സിലര്‍മാരായ ഇ.കെ സീനത്ത്, ഇക്ബാല്‍ മഞ്ചേരി, സി.വി സുധ, വി.പി ബാബു, സുഗുണന്‍, റീനാപ്രകാശന്‍, നസീമ, കെ.വി ബാബു, ശുചിത്വമിഷന്‍ ജില്ലാ റിസോഴ്‌സസ് പേഴ്‌സണ്‍ തേറയില്‍ ബാലകൃഷ്ണന്‍, നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹുസൈന്‍, സുഷ തുടങ്ങിയവര്‍ പങ്കെടുത്തു.