സ്വാതന്ത്ര്യ സമര സേനാനി പി.വി കണ്ണപ്പന്റെ സംസ്കാരം സ്വവസതിയിൽ നടത്തി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ‘ ആസാദി കാ അമൃത മഹോത്സവ് ‘ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആദരിച്ചിരുന്നു.

ജില്ലയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു എടത്തറ സ്വദേശി പി.വി കണ്ണപ്പൻ. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം അടുത്ത കാലത്ത് വരെ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു.

വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, വി.കെ ശ്രീകണ്ഠൻ എം.പി, ജനപ്രതിനിധികൾ എന്നിവർ സംസ്കാരത്തിൽ പങ്കെടുത്തു.