എറണാകുളം: സിറ്റി ഗ്യാസ് വിതരണവും ഗെയ്ൽ വാതക പൈപ്പ് ലൈൻ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാൻ മന്ത്രി പി. രാജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പദ്ധതി നിർവഹണത്തിൽ കാലതാമസമുണ്ടായിട്ടുള്ള തൃക്കാക്കര, മരട്, കളമശേരി നഗരസഭകളിലെയും കൊച്ചി കോർപ്പറേഷനിലെയും ജനപ്രതിനിധികളും ഇന്ത്യൻ ഓയിൽ – അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ്, ദേശീയ പാത അതോറിറ്റി അധികൃതരും യോഗത്തിൽ പങ്കെടുത്തു.

കളമശേരി നഗരസഭയിൽ ആറാം വാർഡിൽ ഗ്യാസ് വിതരണത്തിനായി കുഴിയെടുക്കുന്നതിന് അനുമതി നൽകും. അഞ്ച് വാർഡുകളിൽ കുടി ഗ്യാസ് വിതരണത്തിന് ലൈൻ വലിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 2800 കണക്ഷൻ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഇത് എത്രയും വേഗം പൂർത്തിയാക്കും.

കളമശേരി വ്യവസായ എസ്റ്റേറ്റിൽ 800 മീറ്റർ പൈപ്പ് ലൈൻ നിർമ്മാണം ആരംഭിക്കാനും ഇന്ത്യൻ ഓയിൽ – അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകും.

തൃക്കാക്കര നഗരസഭയിൽ വാർഡ് 28 ൽ ഗ്യാസ് പൈപ്പ് ലൈനു വേണ്ടി കുഴിയെടുത്തതിനെ തുടർന്ന് തകർന്ന റോഡുകൾ ഉടൻ പുനസ്ഥാപിക്കാൻ അദാനി ലിമിറ്റഡിനോട് മന്ത്രി നിർദേശിച്ചു. ഇവിടെ 700 കണക്ഷനുകളാണ് നൽകാനുള്ളത്. 13 വാർഡുകളിലായി നൽകാനുള്ള കണക്ഷനുകൾ മൂന്നു മാസത്തിനകം നൽകും. മറ്റ് വാർഡുകളിലെ ജോലികൾ സമാന്തരമായി തുടരും.

മരട് നഗരസഭയിൽ പൈപ്പ് ഇടുന്നതിനായി പൊളിക്കുന്ന സ്ഥലം മാത്രമേ പുനസ്ഥാപിക്കാനാകൂ എന്ന അദാനി ഗ്യാസ് നിലപാടിനെ നഗരസഭ എതിർത്തതോടെയാണ് പദ്ധതി മുടങ്ങിയത്. റോഡ് പൊളിക്കുന്ന ഭാഗം മാത്രമായി പുനസ്ഥാപിച്ചാൽ ടൈൽ പാകിയ റോഡുകളുടെ മറ്റു ഭാഗങ്ങളും തകരുമെന്നാണ് നഗരസഭ ഭരണ സമിതിയുടെ നിലപാട്. എന്നാൽ സെക്യൂരിറ്റി തുക വാങ്ങിയ ശേഷം ഒരു വാർഡിൽ പൈപ്പ് ലൈൻ ഇടുന്നതിന് അനുമതി നൽകാൻ മന്ത്രി നഗരസഭയോട് മന്ത്രി നിർദ്ദേശിച്ചു. റോഡ് പൂർണ്ണ രീതിയിൽ പുനസ്ഥാപിക്കാനുള്ള ഉത്തരവാദിത്തം അദാനി ഗ്യാസിനായിരിക്കും.

കൊച്ചി കോർപ്പറേഷനിൽ ആറു ഡിവിഷനുകളിൽ പൈപ്പ് ഇടൽ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ തീരുമാനമായി. കോർപ്പറേഷൻ്റെ ഡിമാൻഡ് നോട്ട് ലഭിച്ച ശേഷം പണമടയ്ക്കാനും അനുമതി നൽകാനും തീരുമാനിച്ചു. മറ്റു ഡിവിഷനുകളിലും തുടർന്ന് പൈപ്പിടുന്നതിന് നടപടി സ്വീകരിക്കും.

എറണാകുളം മെഡിക്കൽ കോളേജ് വഴി കടന്നു പോകുന്ന പൈപ്പ് ലൈന് എല്ലാ സുരക്ഷയും ഉറപ്പാക്കും. 15 ദിവസത്തിനകം ഇവിടെ നിർമ്മാണം പൂർത്തിയാക്കാനാകും. കൊച്ചി- സേലം പൈപ്പ് ലൈൻ കമ്പനി സമർപ്പിച്ച പുതിയ പദ്ധതി നിർദേശം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന് സമർപ്പിച്ചതായി പ്രിൻസിപ്പൽ ഡോ. കല കേശവൻ അറിയിച്ചു.

ദേശീയ പാതയിൽ ഗെയിൽ പൈപ്പ് ലൈന് സമാന്തരമായി കൊച്ചി- സേലം പൈപ്പ് ലൈൻ കടന്നു പോകുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയുന്നതിന് ദേശീയ പാത അതോറിറ്റി, ഗെയ്ൽ, കെ എസ് എസ് പി പ്രതിനിധികൾ പ്രത്യേക യോഗം ചേർന്ന് പരിഹാരം കണ്ടെത്താനും മന്ത്രി നിർദേശിച്ചു.

യോഗത്തിൽ ഹൈബി ഈഡൻ എം.പി., എം എൽ എ മാരായ പി.ടി. തോമസ്, ടി.ജെ. വിനോദ്, കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, ജില്ലാ കളക്ടർ ജാഫർ മാലിക്, സബ് കളക്ടർ വിഷ്ണു രാജ്, ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി അജയ് പിള്ള, എൻ എച്ച് എഐ പ്രൊജക്ട് മാനേജർ ജെ. ബാലചന്ദർ, റെയിൽവേ ഏരിയ മാനേജർ നിതിൻ നോർബർട്ട്, നഗരസഭ അധ്യക്ഷരായ ആന്റണി ആശാൻപറമ്പിൽ (മരട്), അജിത തങ്കപ്പൻ (തൃക്കാക്കര), സീമ കണ്ണൻ (കളമശേരി), പഞ്ചായത്ത് പ്രസിഡന്റുമാരായ എം.വി നിതമോൾ (കുന്നത്തുനാട്), സോണിയ മുരുകേശൻ (വടവുകോട് പുത്തൻകുരിശ്) തുടങ്ങിയവർ പങ്കെടുത്തു.