എറണാകുളം: വ്യക്തികൾക്ക് ലേലം ചെയ്തു നൽകിയ റെയിൽവേ ഭൂമി പോക്കുവരവ് ചെയ്യുന്നതിന് സൗകര്യമൊരുക്കും. മന്ത്രി പി. രാജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന റെയിൽവേ ബി ക്ലാസ് ഭൂമി പോക്കുവരവുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം.

ഇടപ്പള്ളി നോർത്ത്, സൗത്ത് വില്ലേജുകളിലായുള്ള ഭൂമി സംബന്ധിച്ച രേഖകൾ തൃക്കാക്കര നോർത്ത് വില്ലേജിലാണുള്ളത്. ഇങ്ങനെ ഭൂമി ലഭിച്ചവർക്ക് കേന്ദ്ര സർക്കാർ ഭൂമി എന്ന് തണ്ടപ്പേരുള്ളതിനാൽ ഈ ഭൂമിക്ക് കരമടയ്ക്കാനോ പോക്കുവരവ് നടത്താനോ കഴിഞ്ഞിരുന്നില്ല.

റീസർവേക്കു ശേഷമാണ് ഭൂമിയുടെ തണ്ടപ്പേരിൽ മാറ്റം വന്നത്. ഭൂവുടമകൾ നേരത്തേ കരമടച്ച രസീത് ഹാജരാക്കിയാൽ കരം അടയ്ക്കാവുന്നതാണ്. പോക്കുവരവിന് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകാവുന്നതാണ്. നിലവിൽ ലഭിച്ചിട്ടുള്ള അപേക്ഷകൾ ഉടൻ തീർപ്പാക്കാനും തീരുമാനമായി.

യോഗത്തിൽ ഹൈബി ഈഡൻ എം.പി., എം എൽ എ മാരായ പി.ടി. തോമസ്, ടി.ജെ. വിനോദ്, കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, ജില്ലാ കളക്ടർ ജാഫർ മാലിക്, സബ് കളക്ടർ വിഷ്ണു രാജ്, ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി, റെയിൽവേ ഏരിയ മാനേജർ നിതിൻ നോർബർട്ട് തുടങ്ങിയവർ പങ്കെടുത്തു