സംസ്ഥാനത്ത് സ്‌കൂളുകൾ പുനരാരംഭിക്കാനുള്ള മൈക്രോപ്ലാനുകൾ തയ്യാറാക്കുന്ന വേളയിൽ അതിനാവശ്യമായ എല്ലാ പിന്തുണയും നൽകിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃ തലത്തിലേക്കുയരണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.

അയൽക്കൂട്ട സമിതികൾ രൂപീകരിച്ചുകൊണ്ട് സെപ്റ്റംബർ ആദ്യവാരം തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്തിട്ടുള്ള സമ്പൂർണ്ണ കോവിഡ് വാക്സിനേഷനെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സംസ്ഥാനത്തെ എല്ലാ വാർഡ് തല സമിതികളും രംഗത്തിറങ്ങണമെന്ന് മന്ത്രി പറഞ്ഞു.

വാർഡ് തല കമ്മറ്റികൾ അടിയന്തരമായി വിളിച്ച് ചേർത്ത് കർമ്മ പദ്ധതികൾ തയ്യാറാക്കി, വാക്‌സിനേഷൻ കുറവുകൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിചേർത്തു.