കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിലൂടെയേ മാനവരാശിക്ക് നിലനിൽപ്പുള്ളൂവെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ദേശാടനപക്ഷികളുടെ സംരക്ഷണവും അവയുടെ ആവാസവ്യവസ്ഥയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ‘കൂടുംതേടി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നമ്മുടെ നാട്ടിലേക്ക് എത്തുന്ന ദേശാടനപക്ഷികളുടെ എണ്ണവും വരവും കുറയുന്നതായാണ് റിപ്പോർട്ടുകൾ. മനുഷ്യന്റെ ആക്രമണമാണ് അവയുടെ ആവാസവ്യവസ്ഥയെ തകർക്കുന്നത്. പരിസ്ഥിതി സംരക്ഷണം പ്രധാനമെന്ന അവബോധം എല്ലാവരിലും വേണമെന്നും മന്ത്രി പറഞ്ഞു.
കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു പരിസ്ഥിതി സന്ദേശം നൽകി. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എ. സാജു, ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു, പഞ്ചായത്തംഗം സ്മിത സുനിൽ, കുമരകം നേച്ചർ ക്ലബ് പ്രസിഡന്റ് കെ.ആർ. സജയൻ എന്നിവർ പ്രസംഗിച്ചു.