– സിവേജ് ബാർജ്ജ് ഓടിത്തുടങ്ങി
– ഹൗസ്‌ബോട്ടിൽനിന്ന് മാലിന്യം ശേഖരിച്ച് സംസ്‌ക്കരണ പ്ലാന്റിലെത്തിക്കും
കോട്ടയം: ജലടൂറിസത്തിനായി സമഗ്രമായ പദ്ധതി കൊണ്ടുവരുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വേമ്പനാട്ട് കായലിനെ ഹൗസ് ബോട്ട് മാലിന്യത്തിൽ നിന്ന് മുക്തമാക്കുന്നതിന് സംസ്ഥാന സർക്കാർ ഡി.റ്റി.പി.സി. മുഖേന 85.94 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സിവേജ് ബാർജ്ജിന്റെ ഉദ്ഘാടനം കുമരകം കവണാറ്റിൻകരയിൽ ഓൺലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നാടിന്റെ അമൂല്യസമ്പത്തായ കായലുകളും ജലാശയങ്ങളും ഉത്തരവാദിത്ത ടൂറിസത്തിലൂടെ സംരക്ഷിക്കും. വിനോദസഞ്ചാര ഭൂപടത്തിലേക്ക് എത്താത്ത സ്ഥലങ്ങൾ കണ്ടെത്തി അവയെ ടൂറിസം കേന്ദ്രങ്ങളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജലപാതകളിൽ മികച്ച ടൂറിസം കേന്ദ്രങ്ങളൊരുക്കും. കോവിഡ് പ്രതിസന്ധിയെ മറികടന്ന് കുതിപ്പിനൊരുങ്ങുന്ന വിനോദസഞ്ചാരമേഖലയെ സുരക്ഷിതമായി നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
വേമ്പനാട് കായൽ ശുചീകരണ പദ്ധതിക്ക് ഒരു കോടി രൂപ പ്രാഥമികമായി അനുവദിച്ചിട്ടുണ്ടെന്നും കായൽ സംരക്ഷണത്തിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും സിവേജ് ബാർജ്ജ് സഹായകമാകുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ബാർജ്ജിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി നിർവഹിച്ചു.
തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു, സബിത പ്രേംജി, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ, കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു, സ്ഥിരംസമിതി അധ്യക്ഷ ആർഷ ബൈജു, ഡി.ടി.പി.സി. സെക്രട്ടറി ഡോ. ബിന്ദു നായർ, കെ. കേശവൻ, ഷനോജ് കുമാർ, എം.എം. വിജീഷ്, ബാബു ഉഷസ്, സഞ്ജയ് വർമ എന്നിവർ പങ്കെടുത്തു.
ഹൗസ്‌ബോട്ടുകളിൽനിന്ന് നേരിട്ട് മാലിന്യം ശേഖരിച്ച് കണവാറ്റിൻകരയിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യസംസ്‌ക്കരണ പ്ലാന്റിൽ എത്തിക്കുന്നതിനായാണ് 15 ക്യുബിക് മീറ്റർ ശേഷിയുള്ള സിവേജ് ബാർജ് ഉപയോഗിക്കുക. പ്ലാന്റിലെത്താൻ അസൗകര്യമുള്ള ബോട്ടുകൾക്ക് മാലിന്യം സംസ്‌ക്കരിക്കുന്നതിന് ബാർജ് സഹായകമാകും. ഹൗസ്‌ബോട്ടുകളിലെ ടാങ്കുകളിൽനിന്ന് മാലിന്യം പൂർണമായി ശേഖരിക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
ഒരേസമയം 20 ഹൗസ്‌ബോട്ടുകളിൽ നിന്നുള്ള മാലിന്യം ശേഖരിക്കാനാകും. വെള്ളത്തിന്റെ ആഴം അറിയാനുള്ള ആധുനിക ഉപകരണങ്ങൾ, ജി.പി.എസ്. അടക്കം ബാർജ്ജിൽ ആധുനികസംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിനായിരുന്നു(സിൽക്) നിർമാണ ചുമതല.