75 കോടിയുടെ പദ്ധതിക്ക് എസ്റ്റിമെറ്റ് തയ്യാറാക്കുന്നു
വീടുകളില്‍ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യം വളമാക്കി മാറ്റി തിരികെ നല്‍കി അകത്തേത്തറ ഗ്രാമപഞ്ചായത്ത് മാലിന്യസംസ്‌കരണത്തില്‍ മാതൃകയായി തുടരുന്നു. ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിന്റെ (ഐ.ആര്‍.ടി.സി.) സാങ്കേതിക സഹായത്തോടെ ശാസ്ത നഗറിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. വിന്‍ട്രോ കംപോസ്റ്റ് രീതിയില്‍ ജൈവമാലിന്യം സംസ്‌കരിച്ച് ലഭിക്കുന്ന വളം കൃഷിഭവന്‍ മുഖേന കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതാണ് രീതി. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേന രൂപവത്കരിച്ച് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് പൊടിച്ചാണ് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 850 പൈപ്പ് കംപോസ്റ്റും 400 ബക്കറ്റ് കംപോസ്റ്റും വീടുകളില്‍ വിതരണം ചെയ്തിട്ടുണ്ട്. തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ സംസ്‌കരണത്തിന്റെ രണ്ട് യൂനിറ്റുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അകത്തേത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കൂടാതെ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന് അക്ഷരദീപം വിദ്യാഭ്യാസ പദ്ധതി വഴി നിരവധി പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് മുഖാന്തരം നടത്തുന്നുണ്ട്. ഇതിന്റെ ഫലമായി അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനും നൂറ് ശതമാനം വിജയം ഉറപ്പാക്കാനും സാധിക്കുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ഒരു വര്‍ഷമായി പയറ്റാം കുന്നത്ത് ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അകത്തേത്തറ ഗവ.യു.പി.സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 1.80 എസ്റ്റിമെറ്റ് തയ്യാറാക്കി വരുന്നു.
കുടുംബശ്രീ അംഗങ്ങളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി യോഗക്ലാസുകള്‍, കരാട്ടെ പരിശീലനം എന്നിവ നടക്കുന്നുണ്ട്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മാണം, ഭവനപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വിദ്യാര്‍ഥികള്‍ക്ക് പഠനമുറിയൊരുക്കി ലാപ്ടോപ്, മേശ, കസേര തുടങ്ങിയ സൗകര്യങ്ങളും നല്‍കിവരുന്നു.
ജില്ലാ-ഗ്രാമ-ബ്ലോക്ക് പഞ്ചായത്തിന്റേയും എം.എല്‍.എ-എം.പി ഫണ്ടില്‍ നിന്നും മൂന്ന് കോടിയിലധികം ചെലവഴിച്ചിട്ടുണ്ട്. 95 ശതമാനം പ്രദേശത്തേക്കും മലമ്പുഴയില്‍ നിന്നും ജല അതോറിറ്റി പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നു. 2025 വരെയുള്ള ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് മലമ്പുഴ മണ്ഡലത്തില്‍ 75 കോടിയുടെ വിവിധ പദ്ധതികള്‍ക്കായി എസ്റ്റിമെറ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ മുഴുവന്‍ പ്രദേശത്തും വൈദ്യുതിയും വഴിവിളക്കുകളും എത്തിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ അനര്‍ട്ടിന്റെ സഹായത്തോടെ ലോകബാങ്ക് ഫണ്ടായ 26 ലക്ഷം ചെലവഴിച്ച് 20 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
പ്രധാന റോഡായ മായ ഓഡിറ്റോറിയം മുതല്‍ എഞ്ചിനീയറിങ് കോളെജ് വഴി ഉമ്മിണി പള്ളി വരെ മൂന്നു കോടിയിലധികം ചെലവഴിച്ച് റോഡ് നവീകരിച്ചു. ശാസ്ത നഗറില്‍ നിന്നും പയറ്റാംകുന്ന് വരെ കേന്ദ്രഫണ്ടില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടിയുടെ റോഡ് നിര്‍മാണം ഉടന്‍ നടക്കും. ഒലവക്കോട് -മലമ്പുഴ റോഡും താണാവ് – ധോണി റോഡും പൊതുമരാമത്ത് വകുപ്പ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ഷവും ഒരു കോടി ചെലവഴിച്ച് റോഡ് നവീകരണവും നടത്തിവരുന്നു.
വയോജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രത്യേക ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. വയോജനസര്‍വെ നടത്തി മെഡിക്കല്‍ കാംപ്, യോഗ ക്ലാസുകള്‍, കട്ടില്‍ വിതരണം വര്‍ഷംതോറും നടത്താറുണ്ട്. പ്രദേശത്തെ വികസനത്തിനായി സമസ്ത മേഖലയിലും പദ്ധതികള്‍ ആവിഷ്‌കരിച്ച് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളാണ് അകത്തേത്തറ ഗ്രാമപഞ്ചായത്ത് കാഴ്ചവെക്കുന്നത്.