കൊല്ലം: ജില്ലാ ആസൂത്രണ സമിതി സ്‌കൂള്‍ തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യോഗം ചേര്‍ന്നു. സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സി. എഫ്. എല്‍. ടി. സികള്‍ മാറ്റുക, വാഹനങ്ങളുടേയും കെട്ടിടങ്ങളുടേയും സുരക്ഷ ഉറപ്പ് വരുത്തുക, ശുചീകരണം, വാക്‌സിനേഷന്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളും സ്‌കൂളുകളില്‍ നിന്ന് മാറ്റി സ്ഥാപിക്കണം. ഡോക്ടറുടെ സേവനം ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. പി. ടി. എയുമായി ചേര്‍ന്ന് ക്ലാസ്മുറികളും ശുചിമുറികളും നിത്യേന അണുവിമുക്തമാക്കണം. വനം വകുപ്പിന്റേയും തൊഴിലുറപ്പ് പദ്ധതിയുടേയും നേതൃത്വത്തില്‍ കാട് വെട്ടിത്തെളിച്ച് വൃക്ഷ തൈ നടേണ്ടതുണ്ട്. ഗതാഗതം പൊലിസിന്റെ ചുമതലയില്‍ നിയന്ത്രിക്കണം. എക്‌സൈസ് ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ 22ന് വെബിനാര്‍ നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ജില്ലാ വികസന കമ്മിഷണര്‍ ആസിഫ് കെ. യൂസഫ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപന ഭാരവാഹികള്‍-സെക്രട്ടറിമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ജെ. ആമിന തുടങ്ങിയവര്‍ പങ്കെടുത്തു.