ദിവസവും 20 രൂപ നിരക്കില്‍ 9,800 ലേറെ ഊണ് വില്‍പ്പന

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ ജില്ലയില്‍ 99 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ സജീവം. 20 രൂപ നിരക്കില്‍ ദിവസവും ശരാശരി 9,800 ലധികം ഊണ്് ജില്ലയിലൊട്ടാകെ വില്‍ക്കുന്നു. ജനകീയ ഹോട്ടലുകള്‍ നടത്തുന്ന 420 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഇതുവഴി വരുമാനം ലഭിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കീഴില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിന്റെ തുടര്‍ച്ചയായാണ് ജില്ലയില്‍ 95 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. 20 രൂപക്ക് ഉച്ചയൂണ്‍ ലഭ്യമാക്കി കുറഞ്ഞ നിരക്കില്‍ ഭക്ഷണമെത്തിച്ച് സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തെ യാഥാര്‍ഥ്യമാക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.

ഉച്ചയൂണ്‍ കൂടാതെ ഇടനേരങ്ങളിലുള്ള ഭക്ഷണവും ആവശ്യക്കാര്‍ക്ക് ഹോം ഡെലിവറി സൗകര്യവും ലഭ്യമാക്കുന്നുണ്ട്. ജനകീയ ഹോട്ടല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജനകീയ ഹോട്ടലിനായുള്ള റിവോള്‍വിങ് ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭ്യമാക്കുന്നത്. ജനകീയ ഹോട്ടലിന്റെ നടത്തിപ്പിനായുള്ള അരി സിവില്‍ സപ്ലൈസ് വഴിയാണ് ലഭ്യമാക്കുന്നത്. കൂടാതെ, ഒരു ഊണിന് 10 രൂപ നിരക്കില്‍ സര്‍ക്കാര്‍ സബ്സിഡിയും നല്‍കുന്നുണ്ട്. ഇതുവഴി ജനകീയ ഹോട്ടലിലെത്തി 20 രൂപ നല്‍കുന്നവര്‍ക്ക് 30 രൂപയുടെ ഊണാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ഊണിന്റെ 10 രൂപ സബ്‌സിഡി തുകയായ ഒരു കോടി 90 ലക്ഷം രൂപ ജില്ലയില്‍ ജനകീയ ഹോട്ടല്‍ നടത്തിപ്പുക്കാര്‍ക്ക് വിതരണം ചെയ്തു.

ജനകീയ ഹോട്ടലിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍, ഭരണസമിതിയിലെ ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, കുടുംബശ്രീയുടെ ചുമതലയുള്ള നിര്‍വഹണ ഉദ്യോഗസ്ഥന്‍, കുടുംബശ്രീ കോഡിനേറ്റര്‍, വാര്‍ഡ് അംഗം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി ഓരോ മാസവും ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. ഏറ്റവും ചുരുങ്ങിയത് കുടുംബശ്രീ പ്രവര്‍ത്തകരായ മൂന്ന് വനിതകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്കാണ് ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുചുമതല നല്‍കുന്നത്.

ചോറ്, തോരന്‍, അച്ചാര്‍, സാമ്പാര്‍/രസം/മോര് എന്നിവയുള്‍പ്പെടെയാണ് 20 രൂപയ്ക്കു ഊണ് നല്‍കുന്നത്. ഇതുകൂടാതെ 10 രൂപയ്ക്ക് ഓംലെറ്റും 30 രൂപ മുതല്‍  മീന്‍ പൊരിച്ചതും  ആവശ്യപ്പെടുന്നതനുസരിച്ച് ആളുകള്‍ക്ക് നല്‍കുന്നുണ്ട്.  ജില്ലയിലെ മുഴുവന്‍ ജനകീയ ഹോട്ടലുകളും കൃത്യമായ മോണിറ്ററിങിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായി കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ എം.എ സൈദ് മുഹമ്മദ് പറഞ്ഞു. സ്ഥിരമായി ജനകീയ ഹോട്ടലുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കാന്‍ എത്തുന്ന സാധാരണക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന്  പ്രോഗ്രാം മാനേജര്‍ പറഞ്ഞു.