മലപ്പുറം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് പൊന്നാനി നഗരസഭയില്‍ തുടക്കമായി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ഒക്ടോബര്‍ ആറ് മുതല്‍ നവംബര്‍ മൂന്ന് വരെയാണ് സൗജന്യ കുത്തിവെപ്പ്.

നാലുമാസവും അതിന് മുകളിലും പ്രായമുള്ള പശു -എരുമ വര്‍ഗത്തില്‍പ്പെട്ട മുഴുവന്‍ കന്നുകാലികള്‍ക്കുമാണ് കുത്തിവെപ്പ്. പൊന്നാനി ഉറൂബ് നഗറിലെ വെറ്റിനറി ഡിസ്‌പെന്‍സറില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം.ആബിദ അധ്യക്ഷയായി. വെറ്ററിനറി ഡോക്ടര്‍മാരായ ഡോ.സിനി, ഡോ.അങ്കിരസ് തുടങ്ങിയവര്‍ പങ്കെടുത്തു.