മലപ്പുറം: സംയോജിത ശിശു വികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദര്‍ശന മേളയ്ക്ക് പൊന്നാനി നഗരസഭയില്‍ തുടക്കമായി. ഐ.സി.ഡി.എസ് സേവനങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തിയുള്ള നഗരസഭാ തല ഫോട്ടോ പ്രദര്‍ശനത്തിനാണ് തുടക്കമായത്. വെള്ളീരിയിലെ സെന്റര്‍ 33 അങ്കണവാടിയിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഫോട്ടോ പ്രദര്‍ശനത്തോടൊപ്പം പോഷകാഹാര ദിനാചരണത്തിന്റെ ഭാഗമായി ബഡ്ജറ്റ് മെനു പ്രദര്‍ശനവും സംഘടിപ്പിച്ചു.

ഏറ്റവും കുറഞ്ഞ ചെലവില്‍ ഉണ്ടാക്കുന്ന പോഷകാഹാരങ്ങളുടെ പ്രദര്‍ശനവും മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്. ബഡ്ജറ്റ് മെനു ചാലഞ്ച് മത്സര വിജയികളായ ദിവ്യ ഉണ്ണികൃഷ്ണന്‍, ശ്രുതി മണികണ്ഠന്‍, സല്‍ഹ സാദിഖ് എന്നിവര്‍ക്കുള്ള സമ്മാന വിതരണവും നടത്തി. ഒക്ടോബര്‍ എട്ട് വരെ രാവിലെ 9.30 മുതല്‍ 3.30 വരെയുള്ള സമയത്ത് പൊതുജനങ്ങള്‍ക്കും പ്രദര്‍ശന പരിപാടിയില്‍ പങ്കെടുക്കാം.

പ്രദര്‍ശന മേളയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷനായി. പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ മിനി ജയപ്രകാശ്, സി.ഡി.പി.ഒ പ്രഭ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ ഒ.വി വിനീത, കെ.നീന, പ്രമീള, ഓഫീസ് ജീവനക്കാരന്‍ പി. ബിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.