മലപ്പുറം: ലോക സെറിബല്‍ പാഴ്‌സി ദിനത്തില്‍ പൊന്നാനി നഗരസഭ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിനായി ചികിത്സാ ഉപകരണങ്ങള്‍ കൈമാറി. ടീം പള്ളിക്കടവ് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഉപകരണങ്ങള്‍ കൈമാറിയത്. മാനസിക ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്ന തീരെ ചെറിയ കുട്ടികള്‍ മുതല്‍ 15 വയസുവരെയുള്ള കുട്ടികളുടെ ചികിത്സക്കായി 2019 മുതല്‍ നഗരസഭയില്‍ ആരംഭിച്ച അനുയാത്ര പദ്ധതിയാണ് നിലവില്‍ സി.ഡി.എം.സി സെന്ററായി പ്രവര്‍ത്തിക്കുന്നത്.

ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോളജി എന്നീ ചികിത്സകള്‍ ഇവിടെ ലഭിക്കും. നിലവില്‍ 100 ഓളം കുട്ടികള്‍ക്ക് ചികിത്സ നല്‍കി വരുന്നുണ്ട്. ചികിത്സാ ഉപകരണങ്ങള്‍ ടീം പള്ളിക്കടവ് വാട്‌സ് ആപ്പ് കൂട്ടായ്മ അഡ്മിന്‍മാരായ ജലാല്‍, ഹാസിര്‍ എന്നിവരില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഏറ്റുവാങ്ങി.

വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീനാസുദേശന്‍, കൗണ്‍സിലര്‍ മുഹമ്മദ് ഇസ്മയില്‍, ഐ.ഡി.എസ് സൂപ്പര്‍വൈസര്‍ വിനീത, ഫിസിയോതെറാപ്പിസ്റ്റ്മാരായ സജീര്‍, ദിവ്യ, സ്പീച്ച് തെറാപ്പിസ്റ്റ് നദ, സൈക്കോളജിസ്റ്റ് സബ്രീന എന്നിവര്‍ പങ്കെടുത്തു.