കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആധുനിക വാതക ശ്മശാനം-ശാന്തിവനം പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരികപാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ. ബാലന്‍ നാടിന് സമര്‍പ്പിച്ചു. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി വളരണമെങ്കില്‍ എതിര്‍പ്പാര്‍ട്ടിയിലെ ആളെ കൊല്ലണമെന്ന ചിന്തയുടെ ഉറവിടം അന്വേഷിക്കണം. എന്റെ ജാതിയും മതവും ദൈവവും മാത്രമാണ് നല്ലതെന്നും മറ്റു മതങ്ങളൊന്നും ശരിയല്ലെന്ന ചിന്താഗതി മതഭ്രാന്താണ്. ഇത്തരത്തിലുള്ള പൊതുപ്രവര്‍ത്തനം മറ്റുള്ളവരെ നശിപ്പിക്കാനായി ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു. തോലന്നൂര്‍ ഓണം കോടിലാണ് ഗ്രാമപഞ്ചായത്തിന്റെ ശ്മശാനം. ലോക ബാങ്കിന്റെ ഒരു കോടിയുടെ ധനസഹായം ഉപയോഗിച്ചാണ് തോലന്നൂരിലുണ്ടായിരുന്ന ഗ്രാമപഞ്ചായത്ത് ശ്മശാനം ആധുനികവത്കരിച്ചത്. ഹൈടെക്ക് മാതൃകയില്‍ പുനര്‍ നിര്‍മിച്ച വാതക ശ്മശാനത്തിന്റെ കെട്ടിട നിര്‍മാണത്തിനു 57,54,845 രൂപയും ഹൈടെക്ക് കമ്പനിയുടെ യന്ത്രത്തിനു 22,87,180 രൂപയും ചെലവഴിച്ചു. ശ്മശാനം വെദ്യുതീകരിക്കുന്നതിനായി 9,90,000 രൂപയും അപ്രോച്ച് റോഡ് നിര്‍മാണത്തിനു 4,89,689, ഡിസൈന്‍ ആന്‍ഡ് ടെക്നിക്കല്‍ സപ്പോര്‍ട്ടിനു ഒരു ലക്ഷവും ടൈല്‍സ്, കുടിവെള്ളം, കമാനം എന്നിവയ്ക്കായി 4,71,622 രൂപയും ചെലവഴിച്ചു. മലിനീകരണ പ്രശ്നങ്ങള്‍ ഇല്ലാതെയാക്കാന്‍ കഴിയുന്ന രീതിയിലാണ് വാതക ശ്മശാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മായ മുരളീധരന്‍ അധ്യക്ഷതയായ പരിപാടിയില്‍ എല്‍.എസ്.ജി.ഡി അസ്റ്റിസ്റ്റന്റ് എഞ്ചിനീയര്‍ അഞ്ജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേളി, കുത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ഉമ്മര്‍ഫറൂക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
