എറണാകുളം: പുതുതലമുറയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ സമൂഹം ജാഗരൂകരാകണമെന്ന് എക്സൈസ് ജോ.കമ്മീഷണർ പി.കെ.സനു അഭിപ്രായപ്പെട്ടു. ഗാന്ധി ജയന്തിയുടെ ഭാഗമായി എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷൻ വിദ്യാർത്ഥികൾക്കായി നടത്തുന്ന നവ മാധ്യമ പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമ നടപടികൾ കാര്യക്ഷമമാകുമ്പോഴും യുവതലമുറയിൽ വലിയ രീതിയിൽ ലഹരിയുടെ സ്വാധീനം വർധിച്ചു വരുന്നുണ്ട്. ഇതിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൂട്ടായ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുത്തൻകുരിശ് സെൻ്റ് തോമസ് കോളജിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഒൺലൈനായി നടത്തിയ പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ: എം.എ. റെജി അധ്യക്ഷത വഹിച്ചു. അസി.എക്സൈസ് കമ്മീഷണർ ജി.സുരേഷ് കുമാർ, വിമുക്തിമിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ, അസി.പ്രൊഫസർമാരായ മെറിൻ ജോയി, അശ്വതി. എ. ബാസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസിന് നേതൃത്വം നൽകി.

ഈ മാസം 31 വരെ നീളുന്ന പ്രചാരണത്തിൻ്റെ ഭാഗമായി വിമുക്തി ലഹരി വർജന മിഷൻ തയാറാക്കിയ ഹ്രസ്വ വീഡിയോകൾ ഫേസ്ബുക്ക്, വാട്ട്സപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ നവ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തും. സ്കൂൾ, കോളജ് തലങ്ങളിലെ ലഹരി വിരുദ്ധ ക്ലബ്ബുകൾ, എൻ.എസ്.എസ്, എസ്.പി.സി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പ്രചാരണം.