– കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക കർമപരിപാടി
കോട്ടയം: ജില്ലയിൽ ആറു മാസത്തിനിടെ ചൈൽഡ് ലൈനിൽ ലഭിച്ചത് 171 പരാതി. പൊലീസിലും ശിശുസംരക്ഷണ യൂണിറ്റിലും ലഭിച്ച പരാതികൾക്കു പുറമേ ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പരിലൂടെയാണ് പരാതികൾ ലഭിച്ചത്. മാസങ്ങളായി വീടുകളിൽ കഴിഞ്ഞിരുന്ന കുട്ടികൾ അടുത്ത മാസം മുതൽ സ്‌കൂളുകളിൽ എത്തുന്ന സാഹചര്യത്തിൽ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പ്രത്യേക കർമപരിപാടി സമിതി ആവിഷ്‌ക്കരിക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ചൈൽഡ് ലൈൻ ഉപദേശക സമിതി യോഗം തീരുമാനിച്ചു.
കോവിഡ് സാഹചര്യത്തിൽ കുട്ടികൾ നേരിടുന്ന ശാരീരിക-മാനസിക-ലൈംഗിക ആക്രമണങ്ങൾ വർധിക്കുകയാണെന്ന് യോഗം വിലയിരുത്തി. സ്‌കൂളുകളിൽ കുട്ടികളുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികളും പോക്‌സോ നിയമം സംബന്ധിച്ചും സബ് ജില്ലാതലത്തിൽ ഹെഡ്മാസ്റ്റർമാർ, അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, സ്‌കൂൾ ലീഡർമാർ, ചൈൽഡ് വെൽഫെയർ പൊലീസ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരിശീലനം നൽകും. ഹയർ സെക്കൻഡറി തലത്തിലുള്ള സൗഹൃദ ക്ലബ്ബുകളും പഞ്ചായത്തുതല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികളും ശാക്തീകരിച്ച് പ്രവർത്തനം ഊർജ്ജിതമാക്കും.
ബാലവേലയുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയിൽ കുറവാണെങ്കിലും ബാലവേല വിമുക്ത കോട്ടയത്തിനായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ചൈൽഡ് ലേബർ സ്‌ക്വാഡ് പരിശോധന നടത്തും. പട്ടികജാതി-വർഗ കോളനികളിൽ താമസിക്കുന്ന കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നത്തിന് എസ്.സി-എസ്.ടി. പ്രൊമോട്ടർമാർക്ക് പ്രത്യേക പരിശീലനം നൽകും.
കുട്ടികളുടെ സംരക്ഷണത്തിനായി ബന്ധപ്പെടാവുന്ന ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും ഫോൺ നമ്പരുകൾ രേഖപ്പെടുത്തിയ വിസിബിലിറ്റി ബോർഡ് കളക്ട്രേറ്റിലും കുട്ടികളുടെ പാർക്കുകളിലും സ്ഥാപിക്കാനും യോഗം തീരുമാനിച്ചു
ഓൺലൈൻ യോഗത്തിൽ ചൈൽഡ്‌ലൈൻ ജില്ലാ കോർഡിനേറ്റർ ജസ്റ്റിൻ മൈക്കിൾ റിപ്പോർട്ട് അവതരിപ്പിച്ചു.
ചൈൽഡ്‌ലൈൻ നോഡൽ ഡയറക്ടർ ഡോ. ഐപ്പ് വർഗീസ്, ചൈൽഡ്‌ലൈൻ കൊളാബ് ഡയറക്ടർ ഫാ. അഗസ്റ്റിൻ മെച്ചേരിൽ എന്നിവർ സംസാരിച്ചു.