കോട്ടയം: ജില്ലയിൽ കോഴിയിറച്ചി ഉത്പാദനത്തിൽ വിപ്ലവം സൃഷ്ടിച്ച് കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി. ഏഴുമാസം കൊണ്ട് നാലു ലക്ഷം ഇറച്ചിക്കോഴികളെയാണ് പദ്ധതിയിലൂടെ വിപണിയിലെത്തിച്ചത്. കുടുംബശ്രീ അംഗങ്ങൾക്ക് അധിക വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഇതുവരെയുള്ള വിറ്റുവരവ് അഞ്ചു കോടി രൂപയാണ്.
കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ 17 കേരള ചിക്കൻ ഔട്ട് ലെറ്റുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ആധുനിക രീതിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഔട്ട് ലെറ്റുകൾ വഴി പൊതുവിപണിയേക്കാൾ 10 ശതമാനം വിലക്കുറവിലാണ് കോഴിയിറച്ചി ലഭ്യമാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 47 ഫാമുകളിലാണ് ഇറച്ചിക്കോഴികളെ വളർത്തുന്നത്. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലുള്ള ബ്രീഡർ ഫാമുകളിൽ നിന്നുള്ള മുട്ട വിരിയിച്ചാണ് വളർത്തുന്നതിനുള്ള കോഴി കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നത്. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെയാണ് ഫാമുകൾക്ക് നൽകുന്നത്. എറണാകുളം കോഴിത്തീറ്റ സംഭരണകേന്ദ്രത്തിൽ നിന്നാണ് എല്ലാ ഫാമുകളിലേക്കും തീറ്റ എത്തിക്കുന്നത്.

മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണമാണ് കോഴിഫാമുകൾ പരിപാലിക്കുന്നത്. കോഴി ഇറച്ചിയുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ലാഭകരമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഹാച്ചറിയും കോഴിത്തീറ്റ സംഭരണ കേന്ദ്രവും ആരംഭിക്കുന്നതിന് പദ്ധതി നടപ്പാക്കുമെന്ന് കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ പറഞ്ഞു.