പാലക്കാട്:  സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില് ജില്ലയില് രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ പാളയംക്കാട് വെറ്ററിനറി സബ് സെന്ററില് നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള് നിര്വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര് ഡോ. റെജി വര്ഗീസ് ജോര്ജ് അധ്യക്ഷനായി.
ആദ്യദിനത്തില് 3086 കന്നുകാലികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്. നാല് മാസം മുതൽ പ്രായമുള്ള കന്നുകാലികൾക്ക് കുത്തിവെയ്പ്പ് നൽകുന്നുണ്ട്. ഗർഭിണികളായ പശുക്കളെ കുത്തിവെപ്പിൽ നിന്നും ഒഴിവാക്കും.
ജില്ലയിൽ 176695 പശുക്കളെ കുത്തിവെക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ തലത്തില് വീടുകള് നേരിട്ട് സന്ദര്ശിച്ചാണ് കന്നുകാലികള്ക്ക് സൗജന്യ വാക്സിനേഷന് നടത്തുന്നത്. വാക്സിനേഷന് തയ്യാറാകാത്ത ക്ഷീരകർഷകർക്ക് ബന്ധപ്പെട്ട മൃഗാശുപത്രിയിലെ ഡോക്ടർ നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം കുത്തിവെയ്പ് എടുത്തില്ലെങ്കിൽ കന്നുകാലിയുടെ ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
നവംബര് മൂന്ന് വരെ 21 ദിവസത്തിനുള്ളില് 100% പ്രതിരോധം സജ്ജമാക്കുകയാണ് ലക്ഷ്യം. കുത്തിവെപ്പിന് വിധേയമാകുന്ന എല്ലാ മൃഗങ്ങള്ക്കും 12 അക്ക തിരിച്ചറിയല് ടാഗുകള് നല്കുന്നുണ്ട്. മൃഗങ്ങളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കി ക്ഷീര കര്ഷകര് കുളമ്പുരോഗ പ്രതിരോധത്തില് പങ്കാളികളാകണമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്ഡിനേറ്റര് അറിയിച്ചു.