പാലക്കാട്: ഒന്നാംഘട്ട സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി അട്ടപ്പാടിയിലെ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം. 18 വയസിന് മുകളിലുള്ളവരിൽ ആദ്യഘട്ട വാക്സിനേഷൻ 100 ശതമാനം പൂർത്തികരിച്ച അട്ടപ്പാടിയിലെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമാണ് ഷോളയൂർ. വാക്സിനേഷൻ ആരംഭിച്ചത് മുതൽ ഊരുകളിൽ കൃത്യമായ ബോധവത്ക്കരണം നടത്തിയിരുന്നു.
രാത്രികാലങ്ങളിൽ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർ ഊരുകളിലെത്തിയാണ് വാക്സിൻ എടുത്തത്. ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ 10 വാർഡുകളും, ആറ് വിദൂര ഊരുകൾ ഉൾപെടെ 32 ആദിവാസി ഊരുകൾ ഉൾപ്പെടുന്നതാണ് ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം. ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ നിർവഹിച്ചു. ഷോളയൂർ പഞ്ചായത്ത് പ്രസിഡൻ്റ് രാമമൂർത്തി അധ്യക്ഷനായി. സമ്പൂർണ്ണ വാക്സിനേഷൻ പ്രവർത്തനത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെ പരിപാടിയിൽ ആദരിച്ചു.
ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് മുസ്തഫ, ബ്ലോക് പഞ്ചായത്ത അംഗം ഷാജു, ഷോളയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിതേഷ് , വാർഡ് അംഗങ്ങളായ ലത, ശാലിനി, രവി, മണി, പഴനിസ്വാമി, മാധവൻ, കല്പന, അനിത, വേലമ്മൾ,രുഗ്മിണി, ബ്ലോക് മെഡിക്കൽ ഓഫീസർ ഡോ.ജൂഡ് ജോസ്, ഡോ.പ്രേംജിത്, ഡോ. അസ്മ, ഡോ. അമിർ, ഡോ.അരുൺ അൽഫോൺസ്, പബ്ലിക് റിലേഷൻ ഓഫീസർ പീറ്റർ, ജോബി, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. കാളിസ്വാമി, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ ,ട്രൈബൽ പ്രൊമോട്ടർസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.